Asianet News MalayalamAsianet News Malayalam

പെരിങ്ങൽക്കുത്ത് ഡാമിൽ ഓറഞ്ച് അലർട്ട്; ജാഗ്രതാ മുന്നറിയിപ്പ്

ചാലക്കുടി പുഴയിൽ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ ഇറക്കരുതെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.

orange alert in peringalkuth dam
Author
Trissur, First Published Jul 5, 2020, 8:56 PM IST

തൃശൂര്‍: പെരിങ്ങൽക്കുത്ത് ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 418 മീറ്ററായതിനെ തുടർന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ, ചാലക്കുടി പുഴയിൽ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ ഇറക്കരുതെന്നും ജില്ലാ കളക്ടർ ജാഗ്രതാ മുന്നറിയിപ്പ് നൽകി.

424 മീറ്ററാണ് ഡാമിന്‍റെ പൂര്‍ണ സംഭരണ ശേഷി. വൃഷ്ടിപ്രദേശത്ത് മഴ കനത്തതിനെ തുടർന്ന്, ജൂലൈ അഞ്ച് ഞായറാഴ്ച രാത്രി എട്ട് മണിക്കാണ് പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 418 മീറ്ററായത്. ജലനിരപ്പുയർന്ന് 419.4 മീറ്ററായാൽ റെഡ് അലേർട്ട് പുറപ്പെടുവിക്കും. 419.4 മീറ്ററായാൽ ഡാമിലെ വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകിവിടും.  

അതേസമയം, സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒമ്പത് ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ട് ആയിരിക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read: കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Follow Us:
Download App:
  • android
  • ios