Asianet News MalayalamAsianet News Malayalam

പാമ്പുകടിയേറ്റ് കുട്ടിയുടെ മരണം: വയനാട്ടിലെ മുഴുവൻ സ്കൂളും പരിസരവും ഉടൻ വൃത്തിയാക്കണമെന്ന് ഉത്തരവ്

പാമ്പുകടിയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ അടിയന്തര സാഹചര്യം മനസിലാക്കി ഇടപെടുന്നതിൽ അധികൃതർക്ക് വീഴ്ച പറ്റി. ജാഗ്രതക്കുറവ് തുടർന്നാൽ നടപടിയെന്ന് മുന്നറിയിപ്പ്.  

Order to clean up school and premises immediately in wayanad
Author
Wayanad, First Published Nov 22, 2019, 5:52 AM IST

വയനാട്: വയനാട്ടിലെ മുഴുവൻ സ്കൂളും പരിസരവും ഉടൻ വൃത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറുടെ ഉത്തരവ്. സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ചതിനെ തുടർന്നാണ് നടപടി. ഇന്ന് തന്നെ ജില്ലയിലെ എല്ലാ സ്കൂളും പരിസരവും വൃത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. 

അടിയന്തര സാഹചര്യത്തിൽ ഇടപെടുന്നതിൽ സ്കൂള്‍ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് ഉത്തരവില്‍ പറയുന്നു. ജാഗ്രതക്കുറവ് തുടർന്നാൽ നടപടിയെടുക്കുമെന്നും ഉത്തരവിൽ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളും പ്രധാന അധ്യാപകന്‍ പിടിഎയുടെ നേതൃത്വത്തിൽ ഇന്ന് തന്നെ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തണം, ടോയ്‌ലറ്റും ടോയ്‌ലറ്റിലേക്ക് പോകുന്ന വഴികളും ഇന്നുതന്നെ വൃത്തിയാക്കണം എന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. ക്ലാസ് മുറിയിൽ കുട്ടികൾ ചെരിപ്പ് ഉപയോഗിക്കുന്നത് വിലക്കരുതെന്നും ഉത്തരവില്‍ പറയുന്നു. എല്ലാമാസവും പരിശോധന തുടരണമെന്നും നിര്‍ദ്ദേശം.

കളിസ്ഥലങ്ങളിൽ അടക്കം വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. കളിസ്ഥലത്തും വിവിധ ആവശ്യങ്ങൾക്ക് സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സുകളിലും പാമ്പ് വരാനുള്ള സാഹചര്യം ഇല്ല എന്ന് അധ്യാപകർ ഉറപ്പുവരുത്തണമെന്നും പ്രധാനധ്യാപകന്‍റെ നിർദ്ദേശം സ്കൂളിലെ അധ്യാപകർ പാലിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നും ഉത്തരവിൽ പറയുന്നു. വയനാട് ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും ഇതുസംബന്ധിച്ച ഉത്തരവ് നൽകിയിട്ടുണ്ട്.

സ്കൂളുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടറും കർശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വയനാട്ടിലെ സ്കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് വയനാട് ജില്ലാ കളക്ടര്‍ നിർദേശം നല്‍കിയിട്ടുണ്ട്. പാമ്പുകടിയേറ്റാൽ എന്ത് ചെയ്യണം എന്നതിൽ സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് പരിശീലനം നൽകണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും കളക്ടര്‍ നിർദേശം നല്‍കിയിട്ടുണ്ട്. ഇതിന് ജില്ലാ മെഡിക്കൽ ഓഫീസർ നേതൃത്വം നൽകണം. പരിശീലനം അവഗണിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം, പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അന്വേഷണ റിപ്പോർട്ട്, ഇന്ന് കളക്ടർക്ക് കൈമാറും. വയനാട്ടിൽ ഇന്ന് കെഎസ്‍യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios