Asianet News MalayalamAsianet News Malayalam

ഓർഡിനൻസ് വിവാദം: ഗവർണറെ അനുനയിപ്പിക്കാൻ സർക്കാർ, ചീഫ് സെക്രട്ടറി കൂടിക്കാഴ്ച നടത്തി

സർക്കാറിനെ മറികടന്ന് കേരള വിസി നിയമനത്തിൻറെ സേർച്ച് കമ്മിറ്റി ഉണ്ടാക്കിയ ആരിഫ് മുഹമ്മദ് ഖാൻ, 11 ഓർഡിനൻസുകളിലും ഒപ്പിടാതെ ഉറച്ചുനിൽക്കുകയാണ്

Ordinance row Chief Secretary meets Governor Arif Muhammed Khan
Author
Thiruvananthapuram, First Published Aug 7, 2022, 11:34 PM IST

തിരുവനന്തപുരം: സർക്കാർ അയച്ച 11 ഓർഡിനൻസുകളുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെ ഒപ്പിടാതെ ഉടക്കി നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാൻ നീക്കം. ചീഫ് സെക്രട്ടറി നേരിട്ട് ഗവർണറെ കണ്ടു. ഓർഡിനൻസുകളിൽ ഒപ്പിടണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും ഗവർണർ നിലപാട് അറിയിച്ചില്ല. ലോകയുക്ത നിയമ ഭേദഗതി അടക്കം 11 ഓർഡിനൻസുകളുടെ കാലാവധി നാളെ തീരും. സർവകലാശാല വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം കുറയ്ക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിലെ അതൃപ്‌തി ആരിഫ് മുഹമ്മദ് ഖാൻ ചീഫ് സെക്രട്ടറിയോട് പ്രകടിപ്പിച്ചു.

ഗവർണർക്ക് ഒപ്പിടാൻ ഇനിയും സമയമുണ്ടെന്ന് നിയമമന്ത്രി

സർക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കിയാണ് ഗവർണ്ണർ ഈ വിഷയത്തിൽ ഉടക്കിട്ടത്. സർക്കാറിനെ മറികടന്ന് കേരള വിസി നിയമനത്തിൻറെ സേർച്ച് കമ്മിറ്റി ഉണ്ടാക്കിയ ആരിഫ് മുഹമ്മദ് ഖാൻ, 11 ഓർഡിനൻസുകളിലും ഒപ്പിടാതെ ഉറച്ചുനിൽക്കുകയാണ്. ലോകായുക്ത നിയമഭേദഗതി ഓ‌ർഡിനൻസിൽ അനുമതി നേടലാണ് മുഖ്യമന്ത്രിക്കും സർക്കാറിനും പരമ പ്രധാനം. പക്ഷെ ഓർഡിനൻസിൻറെ കാലാവധി നാളെ തീരാനിരിക്കെ ഗവർണ്ണർ നിലപാട് മയപ്പെടുത്തുന്നതിന്റെ ഒരു സൂചനയും നൽകുന്നില്ല. 

ഫലത്തിൽ നാളെ ഒപ്പിട്ടിട്ടില്ലെങ്കിൽ ഓർഡിനൻസ് ലാപ്സാകും. പഴയ ലോകായുക്ത നിയമം പ്രാബല്യത്തിലും വരും. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുള്ള കേസ് കൂടുതൽ നിർണ്ണായകമാകും. പരാതിയിൽ വാദം പൂർത്തിയാക്കി കേസ്  ലോകായുക്ത ഉത്തരവിനായി മാറ്റിവെച്ചിരിക്കെയാണ്. അതിനിടെയാണ് ലോകായുക്തയുടെ അധികാരം വെട്ടികുറക്കുന്ന ഓർഡിനൻസ് അനിശ്ചിതത്വത്തിലായത്. 

നേരത്തെ വലിയ എതിർപ്പ് ഉയർത്തിയ ഗവർണ്ണർ, മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയോടെ അനുനയത്തിലെത്തി ഓ‌ർഡിനൻസിൽ ഒപ്പിടുകയായിരുന്നു. ഓർഡിനൻസിന് പകരമുള്ള ബിൽ നിയമസഭ ഇത് വരെ പാസ്സാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും ഓർഡിനൻസ് പുതുക്കിയിറക്കിയത്. ഇതിനിടെ വിസി നിയമനത്തിൽ ഗവർണ്ണറുടെ  അധികാരം കവരാനുള്ള നിയമ ഭേദഗതി കൊണ്ടുവരാൻ സർക്കാർ നടപടി സ്വീകരിച്ചു. ഇതോടെയാണ് ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും ഏറ്റുമുട്ടുന്നത്.

കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം; വിസിയോട് ഗവർണർ വിശദീകരണം തേടി

നാളെ ഓർഡിനൻസ് ലാപ്സാസായാൽ വീണ്ടും ഓർഡിനൻസ് മന്ത്രിസഭക്ക് പുതുക്കി ഇറക്കാം. പക്ഷെ അപ്പോഴും ഗവർണ്ണർ ഒപ്പിടണം. ഒരു തവണ തിരിച്ചയച്ച ഓ‌ർഡിനൻസ് വീണ്ടും സർക്കാർ അയച്ചാൽ ഗവർണ്ണർക്ക് ഒപ്പിടാതെ പറ്റില്ല. പക്ഷെ ഇവിടെ ഓർഡിനൻസിൽ തീരുമാനമെടുക്കാതെ രാജ്ഭവൻ നീട്ടിവെക്കുന്നതാണ് സർക്കാറിനെ പ്രതിസന്ധിയിലാക്കുന്നത്. വിസി നിയമന ഓർഡിനൻസിലും സമാന നിലപാടാകും ഗവർണ്ണർ സ്വീകരിക്കാൻ സാധ്യത. ദില്ലിയിലുള്ള ആരിഫ് മുഹമ്മദ് ഖാൻ 12ന് മാത്രേമ് തിരുവനന്തപുരത്ത് തിരിച്ചെത്തൂ.
 

Follow Us:
Download App:
  • android
  • ios