ദുരിതബാധിതർക്കായി പാർപ്പിടം ഒരുക്കാൻ സന്നദ്ധ സംഘടനകൾ; എട്ട് ഫ്ലാറ്റുകൾ തയ്യാറെന്ന് നാഷണൽ ലീഗ്
സ്ഥിരമായ പുനരധിവാസം സാധ്യമാകുന്നത് വരെ എട്ട് കുടുംബങ്ങൾക്ക് ഇവിടെ താമസിക്കാമെന്ന് നാഷണൽ ലീഗ്
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടമായവർക്ക് പാർപ്പിടം ഒരുക്കാൻ നാഷണൽ ലീഗ്. എട്ട് ഫ്ലാറ്റുകളാണ് തയ്യാറാക്കിയത്. സ്ഥിരമായ പുനരധിവാസം സാധ്യമാകുന്നത് വരെ എട്ട് കുടുംബങ്ങൾക്ക് ഇവിടെ താമസിക്കാമെന്ന് നാഷണൽ ലീഗ് ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിൽ വ്യക്തമാക്കി.
ആറ് മാസത്തേക്കുള്ള വാടക, വീട്ടുസാധനങ്ങൾ ഉള്‍പ്പെടെ എല്ലാ സൌകര്യങ്ങളും ഒരുക്കുമെന്ന് നാഷണൽ ലീഗ് ഭാരവാഹികൾ പറഞ്ഞു. പരിസരത്ത് മറ്റൊരു ഫ്ലാറ്റ് കൂടി കണ്ടെത്തിയിട്ടുണ്ടെന്നും മറ്റൊരു ആറ് കുടുംബങ്ങൾക്ക് കൂടി സൌകര്യമൊരുക്കുമെന്നും നാഷണൽ ലീഗ് ഭാരവാഹികൾ പറഞ്ഞു.
വയനാട്ടിൽ താൽക്കാലിക പുനരധിവാസം ഈ മാസം തന്നെ പൂർത്തിയാക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ രണ്ടാം ലൈവത്തണിൽ മന്ത്രിമാരായ മുഹമ്മദ് റിയാസും കെ രാജനും പറഞ്ഞു. സൗകര്യങ്ങൾ ഉറപ്പാക്കിയ ശേഷം ക്വാര്‍ട്ടേഴ്സുകളിലേക്ക് മാറ്റും. പൂർണ പുനരധിവാസം
വരെ ദുരിത ബാധിതർക്ക് എല്ലാ നിലയിലും സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രിമാർ അറിയിച്ചു.
വയനാട്ടിൽ ടൗൺഷിപ്പിന് വേണ്ടിയുള്ള സ്ഥലത്തിനായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എല്ലാവരുടേയും അഭിപ്രായം കേട്ടുകൊണ്ടായിരിക്കും തീരുമാനമെന്നും മന്ത്രി പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും. സ്കൂൾ, ആശുപത്രി, കൃഷി, റോഡ്, വാഹന സൗകര്യം, ഉപജീവനമാർഗം, സ്കിൽ ഡെവലപ്മെന്റ് സെന്റർ തുടങ്ങി ദൈനംദിന ജീവിതത്തിലെ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും. മാനസികമായ പിന്തുണയ്ക്ക് വേണ്ടി സ്ഥിരമായി കൗൺസലിംഗ് സംവിധാനം കൂടി ഏർപ്പെടുത്തും. നിർമാണഘട്ടത്തിൽ ദുരന്തബാധിതർക്ക് തൊഴിൽ സാധ്യതയുണ്ടാവുമോ എന്ന് പരിശോധിക്കും. ഒറ്റപ്പെട്ടുപോയ ഒരുപാട് പേരുണ്ട്. അവരെ വീട്ടിൽ ഒറ്റയ്ക്ക് താമസിപ്പിക്കാനാവില്ല. കടുത്ത മാനസിക പ്രയാസത്തിലൂടെ കടന്നു പോവുന്ന അവർക്ക് ലോക്കൽ ഗാർഡിയനായി സർക്കാർ ഉദ്യോഗസ്ഥനുണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
വയനാട് ദുരന്തത്തിലെ ദുരിത ബാധിതർക്കുള്ള പുനരധിവാസത്തിൽ സർക്കാരിന് കൃത്യമായ ധാരണയുണ്ടെന്നും അക്കാര്യത്തിൽ യാതൊരു വിധത്തിലുള്ള ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. ബന്ധു വീടുകളിലേക്കും മാറുന്നവരെയും മാറിയവരെയും ഒഴിവാക്കിയാൽ ബാക്കിയുള്ളവരെ താത്ക്കാലികമായി ലഭ്യമായ വാടക വീടുകളിലും സർക്കാർ ക്വാർട്ടേഴ്സുകളിലും കൃത്യമായ ഉപകരണങ്ങളോടെ തന്നെ പുനരധിവസിപ്പിക്കാൻ തന്നെയാണ് തീരുമാനം. 65 ക്വാർട്ടേഴ്സുകൾ ഇപ്പോൾ റെഡിയാണ്. 34 എണ്ണം തയ്യാറാക്കുന്നുണ്ട്. പുനരധിവസിപ്പിക്കേണ്ട ആളുകളെക്കുറിച്ചുള്ള കണക്കുകൾ ഇപ്പോൾ തയ്യാറാക്കുന്നുണ്ട്. ലഭ്യമായ സ്ഥലങ്ങളിലേക്കായിരിക്കും ആദ്യം ആളുകളെ മാറ്റുക. അവരിൽ തന്നെ വിദ്യാർത്ഥികളുടെ വിദ്യാഭാസത്തിനും മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.