കോലഞ്ചേരി: ഒരു രാഷ്ട്രീയ പാർട്ടികളോടും അയിത്തമില്ലെന്ന്  മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ അധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ.  കോലഞ്ചേരി സെന്‍റ് പീറ്റേഴ്‌സ് ആൻഡ്  സെന്‍റ് പോള്‍സ് പള്ളിയില്‍ നടന്ന  ഓർത്തോഡോക്സ് സഭയുടെ വടക്കൻ മേഖലാ പ്രതിഷേധയോഗവും റാലിയും ഉദ്ഘാടനം ചെയ്‍ത് സംസാരിക്കുകയായിരുന്നു കാതോലിക്ക ബാവ. ഒരു രാഷ്ട്രീയ പാർട്ടികളോടും അയിത്തമില്ലെന്നും തങ്ങളെ പരിഗണിക്കുന്നവരെ തങ്ങളും പരിഗണിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 

ദേവാലയങ്ങളും സെമിത്തേരികളും സഭാ വിശ്വാസികളുടേതാണ്.  മലങ്കര സഭയുടെ സ്വാതന്ത്ര്യം ഒരു വിദേശ ശക്തിക്കും വിട്ടുനൽകില്ല. ദേവാലയങ്ങളുടെ ധനം ഏതാനും പേർക്ക് യാതൊരു നിയന്ത്രണവും കൂടാതെ കൈകാര്യം ചെയ്യുവാൻ ലക്ഷ്യമിട്ടാണ് ഈ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ  സർക്കാർ അതിന് കൂട്ടുനിൽക്കുന്നു. രാജ്യത്തെ പരമോന്നത നീതി പീഠത്തിന്‍റെ ഉത്തരവ് സർക്കാർ യാക്കോബായ വിഭാഗവുമായി ചേർന്ന് അട്ടിമറിക്കുവാൻ ശ്രമിക്കുകയാണ്. കോടതിയിൽ നിന്നും നീതി ലഭിച്ചിട്ടും സർക്കാർ അത് നിഷേധിക്കുന്നുവെന്നും കാതോലിക്കാ ബാവ പറഞ്ഞു.