Asianet News MalayalamAsianet News Malayalam

കോതമംഗലം മാർത്തോമാ പള്ളിയിൽ കയറാനാകാതെ ഓ‍‍‍ർത്തഡോക്സ് വിഭാഗം; ഉത്തരവ് നടപ്പാക്കാത്തതിൽ കോടതിയെ സമീപിക്കും

ഓർത്ത‍ഡോക്സ് വിഭാഗത്തെ തടഞ്ഞ് നൂറുകണക്കിന് യാക്കോബായ വിശ്വാസികൾ. സംഘർഷ സമാന സാഹചര്യത്തെ തുടർന്ന് ഉത്തരവ് നടപ്പാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പൊലീസ്.

orthodox believers returned from kothamangalam marthoma church
Author
Kothamangalam, First Published Oct 28, 2019, 5:15 PM IST

കോതമംഗലം: സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ പ്രവേശിക്കാൻ എത്തിയ ഓർത്തഡോക്സ് വിഭാഗം, യാക്കോബായ വിഭാഗത്തിന്റെ കടുത്ത പ്രതിഷേധത്തെ തുടർന്ന് മടങ്ങിപ്പോയി. പൊലീസ് ആവശ്യമായ സംരക്ഷണം ഒരുക്കുന്നില്ലെന്നും വീണ്ടും കോടതിയെ സമീപിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തിരിച്ചുപോക്ക്. 

ഓർത്തഡോക്സ് വിഭാഗത്തിനെ തടയാൻ നൂറ് കണക്കിന് യാക്കോബായ സഭാ വിശ്വാസികൾ പള്ളിക്കകത്തും പുറത്തുമായി നിരന്നതോടെ മണിക്കൂറുകളോളം സംഘർഷ സമാനമായ അവസ്ഥയായിരുന്നു കോതമംഗലത്ത്.

സുപ്രീം കോടതി ഉത്തരവുമായി ഓർത്തഡോക്സ് വിഭാഗം വരുന്നതറിഞ്ഞ് നൂറ് കണക്കിന് യാക്കോബായ വിശ്വാസികൾ പള്ളിക്കകത്തും പുറത്തുമായി തമ്പടിച്ചിരുന്നു. മുദ്രാവാക്യങ്ങൾ മുഴക്കിയ ഇവർ ഉത്തരവുമായി എത്തുന്ന ഓർത്തഡോക്സ് വിഭാഗത്തിന്റെ റമ്പാൻ അടക്കമുള്ളവരെ പ്രവേശിപ്പിക്കില്ലെന്ന് നിലപാടെടുത്തതോടെയാണ് പള്ളി പരിസരത്ത് സംഘർഷ സമാനമായ സാഹചര്യം ഉടലെടുത്തത്.

രാവിലെ പത്ത് മണിയോടെയാണ് തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ മൂന്ന് ബിഷപ്പുമാർ അടങ്ങുന്ന സംഘം വിശ്വാസികളോടൊപ്പം പ്രകടനമായി കോതമംഗലം ചെറിയ പള്ളിയിലേക്ക് നീങ്ങിയത്. പള്ളിക്കവാടത്തിലേക്കെത്തിയവരെ യാക്കോബായ വിഭാഗം കടുത്ത പ്രതിഷേധത്തോടെ പ്രതിരോധിച്ചു. ഇടയ്ക്ക് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴങ്ങിയെങ്കിലും പൊലീസ് ഇടപെട്ട് ശാന്തമാക്കി. 

Read More: കോതമംഗലം മാർത്തോമാ പള്ളിയിൽ സംഘർഷാവസ്ഥ; പള്ളിയില്‍ കയറാൻ ഓർത്തഡോക്സ്, തടഞ്ഞ് യാക്കോബായ വിഭാഗം

ആർഡിഓയുടെ നിർദ്ദേശം വന്നതിന് ശേഷവും യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം കനത്തതോടെ ഉത്തരവ് നടപ്പാക്കുന്നതിലെ ബുദ്ധിമുട്ട് ഉദ്യോഗസ്ഥർ ഓർത്തഡോക്സ് വിഭാഗത്തെ അറിയിച്ചു. എന്നാൽ ഉത്തരവ് നടപ്പാക്കാതെ മടങ്ങിപ്പോകില്ല എന്നായിരുന്നു ആദ്യ ഘട്ടത്തിൽ റമ്പാൻ അടക്കമുള്ളവരുടെ നിലപാട്.

എങ്കിൽ ഉത്തരവ് നടപ്പാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു. ഇതോടെയാണ് പൊലീസ് തങ്ങൾക്ക് ആവശ്യമായ സംരക്ഷണം നൽകുന്നില്ലെന്നാരോപിച്ച് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാതെ മടങ്ങിയത്.

ഓർത്തഡോക്സ് വിഭാഗം  മടങ്ങിയതിന് ശേഷം യാക്കോബായ സഭാ വിശ്വാസികൾ കോതമംഗലം പട്ടണത്തിൽ ആഹ്ലാദ പ്രകടനം നടത്തി. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്ത സർക്കാർ നടപടിക്കെതിരെ അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ നീക്കം.
 

Follow Us:
Download App:
  • android
  • ios