ദില്ലി: ഓർത്തഡോക്സ് -യാക്കോബായ സഭാതർക്ക കേസിൽ മൃതദേഹം സംസ്കരിക്കുന്ന പ്രശ്നത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി ജസ്റ്റിസ് അരുൺ മിശ്ര. സഭാതര്‍ക്കത്തില്‍ പള്ളികളുടെ ഭരണവുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ വിധിയെന്നും ശവസംസ്ക്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിലോ സര്‍ക്കാര്‍ ഓർഡിനൻസിലോ തൽക്കാലം ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഏത് വൈദികനാണ് സംസ്കാര ചടങ്ങുകൾ നടത്തുന്നത് എന്നത് കോടതിയുടെ വിഷയമല്ല. മൃതദേഹങ്ങളോട് ആദരവും ബഹുമാനവും കാണിക്കണം. കൂടുതൽ നിർബന്ധം കാണിച്ചാൽ  കോടതിയലക്ഷ്യ ഹ‍ർജി തള്ളുമെന്നും ജ. അരുൺ മിശ്ര വ്യക്തമാക്കി. 

സഭാതര്‍ക്കത്തില്‍ കോടതി വിധി നടപ്പിലാക്കുന്നില്ലെന്ന് വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭ വിശ്വാസി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. 'ഈ വിഷയവുമായി ബന്ധപ്പെട്ട് 50 ശതമാനം പ്രശ്നങ്ങളും പരിഹരിച്ചിട്ടുണ്ട്. ബാക്കി കൂടി പരിഹരിക്കുമെന്നും കാത്തിരിക്കണമെന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. തന്‍റെ കാലത്ത് ഇതുപൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ തനിക്ക് ശേഷം വരുന്നവര്‍ ഇത് നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കേസ് ഫെബ്രുവരിമാസത്തേക്ക് മാറ്റിവെച്ച കോടതി ഇരുകക്ഷികൾക്കും സത്യവാങ്മൂലം സമർപ്പിക്കാൻ അനുമതി നൽകി. 

ഓർത്തഡോക്സ് യാക്കോബായ പള്ളി തർക്ക കേസിൽ ഇന്നത്തെ സുപ്രീംകോടതി പരാമർശങ്ങൾ സംസ്ഥാന  സർക്കാരിന് ആശ്വാസമാണ്. സുപ്രീംകോടതി വിധി നടപ്പാക്കാത്തതിന് ചീഫ് സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യ നടപടി വേണമെന്നായിരുന്നു ഓർത്തഡോക്സ് സഭയുടെ ആവശ്യം. മലങ്കര പള്ളകളിലെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസും ഓർത്തഡോക്സ് സഭ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.