കൊച്ചി: കോലഞ്ചേരി വടവുകോട് സെന്റ് മേരീസ് ഓർത്തോഡോക്സ് പള്ളിയിൽ പാത്രിയർക്കീസ് വിഭാഗം നടത്തിയ അക്രമത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഓർത്തഡോക്സ് സഭ ആവശ്യപ്പെട്ടു. സഭ വിശ്വാസികളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യം ആശങ്ക ജനകമാണെന്ന് സഭ വക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് പറഞ്ഞു. 

സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം. സർക്കാരും രാഷ്ട്രീയ സാമൂഹിക നേതാക്കളും സഭ വിഷയത്തിൽ സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. മറ്റ് വിഷയങ്ങളിൽ സുപ്രീംകോടതി വിധികൾ നടപ്പിലാക്കുവാൻ ആർജവം കാണിക്കുന്നവർ ഓർത്തോഡോക്സ് സഭയ്ക്ക് നീതി നിഷേധിക്കുകയാണെന്നും ജോൺസ് എബ്രഹാം കോനാട്ട് പറഞ്ഞു.

നവംബർ ഒമ്പതിന് വൈകുന്നേരം വടവുകോട് പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞിറങ്ങിയ ഓർത്തഡോക്‌സ് വിശ്വാസികളെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ കോലഞ്ചേരി ആശുപത്രിയിൽ ചികിത്സയിലാണ്.