അപൂര്‍വ രോഗത്തെ പൊരുതിത്തോൽപ്പിച്ച് എംബിബിഎസ് പ്രവേശനം; അതിജീവനത്തിന്‍റെ പര്യായമായി പാർത്ഥിപ്
അസ്ഥികൾക്ക് ബലക്കുറവ് ഉണ്ടാകുന്ന അപൂർവ്വ രോഗത്തെ ചെറുത്തുതോൽപ്പിച്ച പാർത്ഥിപ്, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനം നേടിയിരിക്കുകയാണ്.
പത്തനംതിട്ട: നിശ്ചയദാർഢ്യം കൊണ്ട് ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് ജീവിത വിജയം നേടി പത്തനംതിട്ട അങ്ങാടിക്കൽ സ്വദേശി പാർത്ഥിപ്. അസ്ഥികൾക്ക് ബലക്കുറവ് ഉണ്ടാകുന്ന അപൂർവ്വ രോഗത്തെ ചെറുത്തുതോൽപ്പിച്ച പാർത്ഥിപ്, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനം നേടിയിരിക്കുകയാണ്.
നല്ലൊരു ചിത്രകാരനാണ് പാർത്ഥിപ്. ചിത്രങ്ങൾ പോലെ മനോഹരമായൊരു നേട്ടവും ഈ മിടുക്കൻ സ്വന്തമാക്കി. തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനം തുടങ്ങുകയാണ്. ഡോക്ടർ ആകണമെന്ന ആഗ്രഹത്തിന് താങ്ങും തണലുമായവർ ഒരുപാടുണ്ടെന്ന് പാർത്ഥിപ് പറയുന്നു.
തന്നെ ചികിത്സിച്ച ഡോക്ടറാണ് ഡോക്ടറാവാനുള്ള പ്രചോദനമെന്ന് പാർത്ഥിപ് പറഞ്ഞു. രണ്ടു കാലുകളുടെയും അസ്ഥികൾക്ക് ജന്മനാ ബലക്കുറവാണ്. എന്നാൽ അതെല്ലാം അതിജീവിച്ച് പഠനത്തിൽ മികവ് പുലർത്തി. പത്താം ക്ലാസിലും പ്ലസ്ടുവിലും മികച്ച വിജയം. പിന്നെ പ്രത്യേക വിഭാഗത്തിൽ മെഡിക്കൽ പ്രവേശനവും.
"അവനെ വളർത്തിക്കൊണ്ടുവരാൻ ഒരുപാട് ബുദ്ധിമുട്ടി. അവൻ എല്ലാം അതിജീവിച്ചു. അധ്യാപകർ ഉൾപ്പെടെ ഒരുപാടു പേർ പിന്തുണ നൽകി. ഇന്ന് സന്തോഷം സന്തോഷം മാത്രമേയുള്ളൂ"- പാർത്ഥിപിന്‍റെ അമ്മ പറഞ്ഞു.
സ്വപ്നത്തിലേക്കുള്ള ചുവടുവെയ്പ്പിനെ പാർത്ഥിപിന്‍റെ വാക്കുകളിൽ ഇങ്ങനെ പറയാം- "പിന്നോട്ട് പിടിച്ചുവലിക്കാൻ കുറേ കാരണങ്ങളുണ്ടാകും. പക്ഷേ നമുക്കൊരു ലക്ഷ്യമുണ്ടെങ്കിൽ ഒന്നും നമ്മളെ തടസ്സപ്പെടുത്തില്ല. മുന്നോട്ടു പോവുക. കഠിനാധ്വാനം ചെയ്താൽ ഫലം കിട്ടും"
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം