പാലക്കാട്: ഒറ്റപ്പാലം എസ്ഐ വിപിന്‍ കെ വേണുഗോപാലിനെ സ്ഥലം മാറ്റി.  നഗരസഭ കൗണ്‍സിലര്‍  സുജാതക്കെതിരായ മോഷണക്കുറ്റത്തില്‍ നടപടി വൈകിച്ചതിനെ തുടർന്നാണ് സ്ഥലംമാറ്റം എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. 

സുജാത കുറ്റസമ്മതം നടത്തിയിട്ടും അറസ്‌റ്റോ തുടർ നടപടികളോ സ്വീകരിച്ചില്ല എന്നതാണ് എസ്ഐക്കെതിരെ നടപടിയെടുക്കാന്‍ കാരണം. ജില്ലാ പോലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റം നല്‍കിയിരിക്കുന്നത്. അതേസമയം, സിപിഎം അംഗമായിരുന്ന സുജാതയെ സംരക്ഷിക്കാനാണ് സ്ഥലംമാറ്റം എന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സുജാതയുടെ വീട്ടിൽ പരിശോധന നടത്തിയതിനു പിന്നാലെയാണ് എസ്ഐക്കെതിരായ നടപടി. ആരോപണ വിധേയയായ സുജാതയെ സിപിഎം പുറത്താക്കിയിരുന്നു.

കഴിഞ്ഞമാസം 20നാണ് ഒറ്റപ്പാലം നഗരസഭയിലെ സ്ഥിരം സമിതി അംഗമായ ലതയുടെ 38000 രൂപ നഗരസഭ ഓഫീസിൽവെച്ച് മോഷണം പോയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണം നാല് കൗൺസിലർമാരിലേക്കെത്തി.  വിരലടയാള പരിശോധനയുൾപ്പടെ പൊലീസ് പൂർത്തിയാക്കി. ചോദ്യംചെയ്യലിൽ ആരും കുറ്റം സമ്മതിച്ചിരുന്നില്ല. വ്യക്തമായ തെളിവുകളില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. തെളിവുകൾക്കായി നുണ പരിശോധനയടക്കമുളള നടപടിക്ക് പൊലീസ് തയ്യാറെടുക്കുന്നതിനിടെയാണ് സിപിഎം വിഷയത്തില്‍ ഇടപെട്ടതും മറ്റൊരു സിപിഎം അംഗത്തിന്‍റെ പരാതിയില്‍ സുജാതയ്ക്കെതിരെ നടപടിയെടുത്തതും.