എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഔഷധി ചെയർപേഴ്സണായിരിക്കെ ശോഭന ജോർജ് ഔഷധിയുടെ ചെലവിൽ സൗന്ദര്യചികിത്സ നടത്തിയെന്നായിരുന്നു ആരോപണം. കഴിഞ്ഞദിവസം വി പി സജീന്ദ്രൻ എംഎൽഎ ഇക്കാര്യം നിയമസഭയിൽ ഉന്നയിക്കുകയുംചെയ്തു.
തിരുവനന്തപുരം: ഔഷധി ചെയർപേഴ്സണായിരിക്കെ സൗന്ദര്യചികിത്സ നടത്തിയെന്ന ആരോപണങ്ങളിൽ പരിഹാസ വീഡിയോയുമായി ശോഭന ജോർജ്. ചൊവ്വാഴ്ച സാമൂഹികമാധ്യമങ്ങളിലാണ് ശോഭന ജോർജ് വീഡിയോ പോസ്റ്റ്ചെയ്തത്.
മറ്റൊരു സ്ത്രീയ്ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ ഇവർ ശോഭന ജോർജിനോട് മാഡം എന്താണ് കഴിക്കുന്നതെന്നും മാഡം മുട്ടയാണ് കഴിക്കുന്നതെന്ന് താൻ വിചാരിച്ചെന്നും പറയുന്നതാണ് വീഡിയോയുടെ ആദ്യഭാഗത്തിലുള്ളത്. പൂരിയും സബ്ജിയുമാണ് കഴിക്കുന്നതെന്ന് മറുപടി നൽകുന്ന ശോഭന ജോർജ്, 300 മുട്ട കഴിച്ചുകഴിഞ്ഞില്ലേ എന്ന് പറയുന്നതും മുട്ടയുടെ കൂടെ ചെമ്പരത്തി മൊട്ടില്ലാതെ താൻ കഴിക്കില്ലെന്ന് പറയുന്നതും വീഡിയോയിലുണ്ട്. തുടർന്ന് ഒരു ഓംലറ്റ് കഴിക്കുന്നതുകൊണ്ട് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ എന്ന് ചോദിച്ചുകൊണ്ടാണ് ശോഭന ജോർജിന്റെ വീഡിയോ അവസാനിക്കുന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഔഷധി ചെയർപേഴ്സണായിരിക്കെ ശോഭന ജോർജ് ഔഷധിയുടെ ചെലവിൽ സൗന്ദര്യചികിത്സ നടത്തിയെന്നായിരുന്നു ആരോപണം. കഴിഞ്ഞദിവസം വി പി സജീന്ദ്രൻ എംഎൽഎ ഇക്കാര്യം നിയമസഭയിൽ ഉന്നയിക്കുകയുംചെയ്തു. മുൻ ഔഷധി ചെയർപേഴ്സൺ 300 കോഴിമുട്ട പുഴുങ്ങിത്തിന്നതായും മൂന്നുകിലോ ചെമ്പരത്തിമൊട്ട് ചെവിയിൽ വെച്ച്, നെല്ലിക്കയ്ക്ക് പകരം നാരങ്ങാനീര് കൊണ്ട് തളംവെയ്ക്കുകയും ചെയ്താൽ സൗന്ദര്യം വർധിക്കുമെന്ന് കണ്ടുപിടിച്ചതായി വാർത്ത കണ്ടെന്നായിരുന്നു സജീന്ദ്രന്റെ പരാമർശം. ഈ കണ്ടുപിടിത്തതിന് പേറ്റന്റ് ലഭിച്ചിട്ടുണ്ടോ എന്നും ഈ കണ്ടുപിടിത്തം ഔഷധി അംഗീകരിച്ചിട്ടില്ലെങ്കിൽ മുൻ ചെയർമാന്റെ ചികിത്സാ ചെലവ് തിരിച്ചുപിടിക്കുമോ എന്നും എംഎൽഎ ചോദിച്ചിരുന്നു.
സൗന്ദര്യ ചികിത്സയ്ക്കല്ല ഔഷധി പ്രധാന്യം നൽകുന്നതെന്നായിരുന്നു ചോദ്യത്തിന് ആരോഗ്യമന്ത്രി കെ മുരളീധരന്റെ മറുപടി. ഔഷധിയിലെ ആരോപണങ്ങൾ അന്വേഷിക്കാൻ നിയമിച്ച സമിതിയുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. അതിൽ എംഎൽഎ സൂചിപ്പിച്ചപോലെ അംഗം ചികിത്സ നടത്തിയതായി രേഖയുണ്ട്. അതിൽ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ മറുപടി പറഞ്ഞിരുന്നു.
അതേസമയം, ഔഷധിയിലെ സൗന്ദര്യചികിത്സാ ആരോപണം ശോഭന ജോർജ് നിഷേധിച്ചു. ഔഷധിയിൽ താൻ ഒരു ചികിത്സയും നടത്തിയിട്ടില്ലെന്നും ഇതിന് രേഖയുണ്ടെങ്കിൽ പുറത്തുവിടണമെന്നും ശോഭന ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നിയമസഭയിൽ തനിക്കെതിരേ വ്യാജ ആരോപണം ഉന്നയിച്ചതിന് വി പി സജീന്ദ്രനെതിരേ സ്പീക്കർക്ക് പരാതി നൽകുമെന്നും ശോഭന ജോർജ് പറഞ്ഞു.








