അപകടത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തി. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുമതലയുള്ള ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുമുണ്ടായ ഈ നടപടി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം: മദ്യപിച്ച് അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കിയ എക്സൈസ് പ്രിവന്റീവ് ഓഫീസറെ സർവീസിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. നെയ്യാർഡാം എക്സൈസ് ചെക്ക്പോസ്റ്റിൽ സ്പെഷ്യൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിവന്റീവ് ഓഫീസർ ഷിജുവിനെയാണ് സസ്പെൻഡ് ചെയ്തത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുമതലയുള്ള ഒരു എക്സൈസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ നടപടി ഗുരുതരമായ സ്വഭാവദൂഷ്യവും അച്ചടക്ക ലംഘനവുമാണെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയിലാണ് മദ്യലഹരിയിൽ അമിത വേഗതയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥന്റെ കാർ മറിഞ്ഞത്. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കട്ടയ്ക്കോട് ഭാഗത്തു നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്നു എക്സൈസ് ഉദ്യോഗസ്ഥൻ.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കട്ടയ്ക്കോട് റോഡിലെ ഒരു ഹോൾസെയിൽ കടയ്ക്ക് മുന്നിൽ വെച്ച് നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. എതിരെ വന്ന ഒരു ബൈക്ക് യാത്രികൻ അത്ഭുതകരമായാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. അപകടത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച പൊലീസ്, ഇയാളുടെ വൈദ്യപരിശോധന നടത്തി മദ്യപിച്ചതായി കണ്ടെത്തിയിരുന്നു.







