Asianet News MalayalamAsianet News Malayalam

ചാണകവും ഗോമൂത്രവും ഉപയോഗിച്ച് മരുന്ന്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് നീക്കി ഔഷധി

സിപിഎം ഭരിക്കുന്ന കേരളത്തില്‍ സർക്കാരിന്റെ സ്ഥാപനമായ ഔഷധി തന്നെ പശുവിന്റെ മൂത്രമുപയോഗിച്ച് മരുന്ന് നിർ‍മ്മിക്കുന്നുണ്ടെന്ന് ആർ‍എസ്എസ് മുഖപത്രം ഓർഗനൈസറിൽ പ്രസിദ്ധീകരിച്ചതോടെയാണ് പഞ്ചഗവ്യഘൃതം സമൂഹമാധ്യമങ്ങളില്‍ ചർച്ചയായത്.

Oushadhi Remove details of ingredients used for medicine with dung
Author
Trivandrum, First Published Jun 19, 2021, 4:39 PM IST

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഔഷധി ചാണകവും ഗോമൂത്രവും ഉപയോഗിച്ച്  മരുന്ന് നിർമ്മിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ  വലിയ ചർച്ചയായതോടെ മരുന്നുകളുടെ കൂട്ടുകളെ കുറിച്ചുളള വിവരങ്ങള്‍ സ്ഥാപനം വെബ്സൈറ്റില്‍ നിന്ന് നീക്കി. കൊവിഡ് കാലത്ത് ചാണകവും മൂത്രവും രോഗത്തെ ചെറുക്കുമെന്ന വാദവുമായി നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തിയപ്പോൾ ഇതിനെ പിന്തുണച്ചും പരിഹസിച്ചും വലിയ ചര്‍ച്ചകളാണ് നടന്നത്. 

സിപിഎം ഭരിക്കുന്ന കേരളത്തില്‍ സർക്കാരിന്‍റെ സ്ഥാപനമായ ഔഷധി തന്നെ പശുവിന്‍റെ മൂത്രമുപയോഗിച്ച് മരുന്ന് നിർ‍മ്മിക്കുന്നുണ്ടെന്ന് ആർ‍എസ്എസ് മുഖപത്രം ഓർഗനൈസറിൽ പ്രസിദ്ധീകരിച്ചതോടെയാണ് പഞ്ചഗവ്യ ഘൃതം സമൂഹമാധ്യമങ്ങളില്‍ ചർച്ചയായത്. ഇത് പുതിയ മരുന്നല്ലെന്നും ഇതിൻെ കൂട്ടിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നും തുടക്കത്തലേ ഔഷധി അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ഔഷധിയുടെ വെബ്സൈറ്റില്‍ പഞ്ചഗവ്യ ഘൃതം ഉള്‍പ്പെടെയുളള മരുന്നുകളുടെ ചേരുവകളെ കുറിച്ചുളള വിവരങ്ങള്‍ അപ്രത്യക്ഷമായത്. വൈബ്സൈറ്റ് ലോഗിൻ ചെയ്ത് കയറുന്നവര്‍ക്ക് മാത്രമെ മരുന്നുകളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. വിവരങ്ങള്‍ നീക്കിയതിന് പിന്നില്‍ പ്രത്യേക കാരണമൊന്നുമില്ലെന്നാണ് ഔഷധിയുടെ വിശദീകരണം.

അയ്യായിരം വർഷത്തിലേറെ പഴക്കമുള്ള അഷ്ടാംഗ ഹൃദയത്തിൽ പറയുന്ന പഞ്ചഗവ്യ ഘൃതം എല്ലാ ആയുർവേദ മരുന്ന് നിർമ്മാതാക്കളും നിർമ്മിക്കുന്നുണ്ട്. മനോരോഗം, ഉറക്കകുറവ്, ഓർമ്മയില്ലായ്മ, വിഷാദരോഗം എന്നിവയ്ക്ക് ഈ മരുന്ന് ഫലപ്രദമാണ്. കൊവിഡാനന്തര ചികിത്സയിലും പഞ്ചഗവ്യഘൃതം ഗുണം ചെയ്യുമെന്ന് വിദഗ്ധർ‍ ചൂണ്ടിക്കാട്ടുന്നു.

Follow Us:
Download App:
  • android
  • ios