Asianet News MalayalamAsianet News Malayalam

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സൗകര്യങ്ങൾ പര്യാപ്തമോ? മലബാർ മേഖലയിലെ സ്ഥിതിയെന്ത്?

കോഴിക്കോട് നഗര പരിധിയില്‍ മാത്രം വിദേശത്തുനിന്ന് ഏഴായിരത്തിലേറെ പേര്‍ മടങ്ങിയെത്തുമെന്നാണ് കണക്ക്. എന്നാല്‍ ഇതുവരെ കണ്ടെത്തിയതാകട്ടെ പത്ത് കെട്ടിടങ്ങള്‍ മാത്രം.

over 4 lakh kerala expats register to return home  kerala neglect  struggling expats
Author
Kozhikode, First Published May 4, 2020, 6:53 AM IST

കോഴിക്കോട്: പ്രവാസികളെ നാട്ടിലെത്തിക്കാനുളള ഒരുക്കങ്ങളെല്ലാമായെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോളും നിരീക്ഷണ കേന്ദ്രങ്ങളുടെയടക്കം കാര്യത്തില്‍ എന്ത് തീരുമാനമായെന്ന് മറുപടിയില്ലാതെ സംസ്ഥാന സര്‍ക്കാര്‍. ഈ വിഷയത്തില്‍ ഹൈക്കോടതി മൂന്നുവട്ടം നിലപാട് തേടിയിട്ടും സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.

കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് സ്വദേശത്തേക്ക് മടങ്ങാൻ നോർക്കയിൽ രജിസ്റ്റർ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 4.13 ലക്ഷമായി. ഇതില്‍ എത്ര പേര്‍ക്ക് നിരീക്ഷണത്തില്‍ കഴിയാനുളള കെട്ടിടങ്ങള്‍ നിലവില്‍ സജ്ജമാണ് എന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. മടങ്ങാനിരിക്കുന്നവരുടെ കണക്കുമായി തട്ടിച്ച് നോക്കിയാല്‍ ഇതുവരെ സര്‍ക്കാര്‍ സജ്ജമാക്കിയ സന്നാഹങ്ങള്‍ പരിമിതമെന്ന് വ്യക്തമാകും. 

കോഴിക്കോട് നഗര പരിധിയില്‍ മാത്രം വിദേശത്തുനിന്ന് ഏഴായിരത്തിലേറെ പേര്‍ മടങ്ങിയെത്തുമെന്നാണ് കണക്ക്. എന്നാല്‍ ഇതുവരെ കണ്ടെത്തിയതാകട്ടെ പത്ത് കെട്ടിടങ്ങള്‍ മാത്രം. ഇവിടെ പരമാവധി നിരീക്ഷണത്തില്‍ പാര്‍പ്പിക്കാവുന്നത് 700-800 പേരെ മാത്രമാണ്. മടങ്ങിയെത്തുന്ന പ്രവാസികളുടെ കാര്യത്തില്‍ എന്തെല്ലാം ചെയ്തെന്ന് വ്യക്തമാക്കാന്‍ ഹൈക്കോടതി മൂന്നു വട്ടമാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. 

Read More: 'ഒരു ചെറുവിരല്‍ അനക്കാന്‍ സര്‍ക്കാരിനായില്ല'; പ്രവാസികള്‍ക്ക് മെഴുകുതിരി കത്തിച്ച് ഐക്യദാര്‍ഢ്യം നൽകാന്‍ കെപിസിസി

നാട്ടിലെത്തുന്നവര്‍ക്ക് നിരീക്ഷണ കാലം പൂര്‍ത്തിയാക്കാനുളള കെട്ടിങ്ങള്‍, ഇവര്‍ക്കായുളള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുടെയെല്ലാം വിവരങ്ങള്‍ രേഖാമൂലം നല്‍കണമെന്ന് ഏപ്രില്‍ 24ന് ഹൈക്കോടതി ഒടുവില്‍ നിര്‍ദ്ദേശം നല്‍കി. ഒരു ലക്ഷം പേരെങ്കിലും മടങ്ങിയെത്തിയാല്‍ ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം അധികമായി വേണ്ടി വരുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനാണ് തീരുമാനമെങ്കിലും ഇവരെ പ്രത്യേകം പാര്‍പ്പിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും.

പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതിനായി ഇതുവരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ സര്‍ക്കാരിനായിട്ടില്ലെന്ന് കെപിസിസിയും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കൊച്ചു രാജ്യങ്ങള്‍ പോലും സ്വന്തം പൗരന്‍മാരെ പ്രത്യേക വിമാനങ്ങളില്‍ മടക്കി കൊണ്ടുപോകുമ്പോള്‍ പ്രവാസികളായ മലയാളികളോട് തികഞ്ഞ അവഗണനയും ക്രൂരതയുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. സാധാരണക്കാരായ പ്രവാസികള്‍ക്കായി ഒന്നും ചെയ്യാന്‍ കൂട്ടാക്കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി.

Read More: തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് സാമ്പത്തിക പിന്തുണ വേണം; പുനരധിവാസ പാക്കേജ് ആവശ്യപ്പെട്ട് കേരളം 

Follow Us:
Download App:
  • android
  • ios