പത്തനംതിട്ട: അതിശക്തമായ മഴയെ തുടർന്ന് റാന്നി മേഖലയിൽ അതീവ ഗുരുതരമായ സാഹചര്യം. പമ്പയാറും കക്കട്ടാറും കരകവിഞ്ഞ് ഒഴുകുകയാണ്. റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി. കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളം കയറുകയാണ്. നിമിഷനേരം കൊണ്ടാണ് ഇവിടെ വെള്ളം കയറുന്നതെന്നാണ് പ്രദേശത്ത് നിന്നുള്ള വിവരം. ആശങ്കയിലായ ജനങ്ങൾ വീട് വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറുകയാണ്. അറന്മുളയിലും ജലനിരപ്പ് ഉയർന്നു. 

കോട്ടയത്തിന്റെ കിഴക്കൻ  മേഖലയിൽ മഴ പെയ്തൊഴിയാതെ നിൽക്കുകയാണ്. വീണ്ടും ഉരുൾപൊട്ടാനുള്ള സാധ്യതയുണ്ട്. മീനച്ചിലാറ്റിൽ വെള്ളം കുത്തനെ ഉയരുന്നു. പാലാ-ഈരാറ്റുപേട്ട-പനയ്ക്കുപ്പാലം റോഡിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ഇടപ്പാടി റോഡിലും ഗതാഗതം സ്തംഭിച്ചു. പാലായിൽ ഒരു മണിക്കൂറിൽ അര മീറ്ററാണ് ജലനിരപ്പ് ഉയർന്നത്. മീനച്ചിലാറിന്റെ തീരപ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ഇതോടെ പാലാ വെള്ളപ്പൊക്ക ഭീഷണിയിലായി. അടിവാരം തീക്കോയി മേഖലയിലും കനത്ത മഴ തുടരുകയാണ്. പലയിടത്തും മണ്ണിടിച്ചിൽ ഉണ്ട്. എസി റോഡിലും വെള്ളം കയറിത്തുടങ്ങി. കടുത്തുരുത്തി മാന്നാറിൽ മരം വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വൈക്കം കുലശേഖരമംഗലത്തെ  മണലിൽ  കോളനി, കുളങ്ങര  കോളനി, ഇടവട്ടം  തെക്ക്, മുതലക്കുഴി, ഇടക്കേരി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

കനത്ത മഴയെ തുടർന്ന് നിലമ്പൂർ - നാടുകാണി അന്തർ സംസ്ഥാന പാതയിൽ നാളെ മുതൽ രാത്രി കാലത്ത് ഗതാഗതം നിരോധിച്ചു. രാത്രി എട്ട് മണി മുതൽ പുലർച്ചെ ആറ് മണി വരെയാണ് നിരോധനം. കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകൾ  വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും . 60 സെന്റിമീറ്റർ വരെ തുറന്ന് അധിക ജലം പുറത്തു വിടും. പുഴയുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പുലർത്തേണ്ടതാണ്‌. മഴക്കെടുതിയെ തുടർന്ന് മലപ്പുറം ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 247 കുടുംബങ്ങളിലെ 900 പേരെ മാറ്റി താമസിപ്പിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 131 അടിയിലെത്തി. രണ്ട് ദിവസം കൊണ്ട് ഉയർന്നത് എട്ടടിയോളം ജലമാണ്. അനുവദനീയമായ ജലനിരപ്പ് 142 അടിയാണ്.