കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ തട്ടിപ്പ്; 'റിസോർട്ടിന്റെ രേഖ പണയപ്പെടുത്തിയത് 60 ലക്ഷത്തിന്,പിന്നീട് 1ലക്ഷം തട്ടി'
നാലുപേരുടെ വ്യാജ വിലാസത്തില്‍ ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെ ഒരു കോടി തട്ടിയെന്നാണ് രായിരത്ത് സുധാകരന്‍റെ ആരോപണം. എന്നാൽ ആരോപണം കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് തള്ളി.

തൃശൂർ: കുട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ ഒരു കോടിരൂപയുടെ വായ്പാ തട്ടിപ്പ് നടന്നെന്ന പരാതിയുമായി റിസോര്‍ട്ട് ഉടമ രായിരത്ത് സുധാകരന്‍ രംഗത്ത്. നാലുപേരുടെ വ്യാജ വിലാസത്തില്‍ ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെ ഒരു കോടി തട്ടിയെന്നാണ് രായിരത്ത് സുധാകരന്‍റെ ആരോപണം. എന്നാൽ ആരോപണം കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് തള്ളി.
തന്‍റെ പേരിലുള്ള റിസോര്‍ട്ടിന്മേല്‍ സി.എസ്.ബി ബാങ്കില്‍ എഴുപത്തി രണ്ടര ലക്ഷം രൂപ ബാധ്യതയുണ്ടായിരുന്നു. ബാങ്ക് ബാധ്യത തീര്‍ത്ത് റിസോര്‍ട്ട് വാങ്ങാമെന്ന് പറഞ്ഞ് മാള സ്വദേശി അനില്‍ മേനോന്‍ സമീപിച്ചുവെന്ന് രായിരത്ത് സുധാകരന്‍ പറഞ്ഞു. മൂന്നരക്കോടി രൂപയുടേതായിരുന്നു ഇടപാട്. കുട്ടനെല്ലൂര്‍ ബാങ്കിലേക്ക് വായ്പ മാറ്റാന്‍ അനിലാവശ്യപ്പെട്ടു. വലിയ തുകയുടെ ഇടപാടായതിനാല്‍ സമ്മതിക്കുകയായിരുന്നു. അറുപത് ലക്ഷം രൂപ സുധാകരന്‍റെയും അനിലിന്‍റെയും അയാളുടെ ഭാര്യയുടെ പേരിലെടുത്തുവെന്ന് രായിരത്ത് സുധാകരന്‍ പറയുന്നു. പിന്നീട് കരാര്‍ കാലാവധി തീരും മുമ്പ് കുടികിട സര്‍ട്ടിഫിക്കറ്റ് എടുത്തപ്പോഴാണ് ഒരു കോടി രൂപ അധികമായി വായ്പയെടുത്തതായി തന്‍റെ ശ്രദ്ധയില്‍ പെടുന്നത്. ഒരു കോടി എടുത്തത് നാലുവ്യാജ വിലാസങ്ങളിലാണെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞെന്നും സുധാകരന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഭവത്തിൽ പൊലീസിനും സഹകരണ വകുപ്പിനും പരാതി നൽകിയതായി സുധാകരൻ അറിയിച്ചു. സി.പി.എം ഭരിക്കുന്ന ബാങ്കായതിനാൽ പാർട്ടി ജില്ലാകമ്മിറ്റി ഓഫിസിലും പരാതി പറഞ്ഞിരുന്നു. ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ഇരു കൂട്ടരെയും വിളിച്ചുവരുത്തി മധ്യസ്ഥത പറഞ്ഞുവെങ്കിലും ഒന്നും ഫലം കണ്ടില്ല. ബാങ്കിന്‍റെ ജപ്തി നോട്ടീസ് വന്നതിന് പിന്നാലെ കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയിരിക്കുകയാണ് സുധാകരന്‍. കുട്ടനെല്ലൂര്‍ ബാങ്കിന്‍റെ വായ്പാതട്ടിപ്പിന്‍റെ മറ്റൊരിരയാണ് സുധാകരനെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയും പറഞ്ഞു. എന്നാല്‍ പരാതിക്കാരന്‍റെ ആരോപണം ബാങ്ക് തള്ളി. വായ്പക്കാരെ സംഘടിപ്പ് വായ്പ നല്‍കുന്ന രീതി കുട്ടനെല്ലൂര്‍ ബാങ്കിനില്ലെന്നായിരുന്നു ബാങ്ക് പ്രസിഡന്‍റ് റിക്സന്‍റെ പ്രതികരണം.
https://www.youtube.com/watch?v=_pYcQ2073J0