Asianet News MalayalamAsianet News Malayalam

പി സി ജോ‍ർജ് പീഡന കേസിൽ അറസ്റ്റിൽ, അറസ്റ്റ് സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ പരാതിയിൽ

അപ്രതീക്ഷിത നീക്കവുമായി പൊലീസ്, സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പുകൾ ചുമത്തി പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തു

P C George arrested in molestation case
Author
Thiruvananthapuram, First Published Jul 2, 2022, 2:55 PM IST

തിരുവനന്തപുരം: പീഡന പരാതിയില്‍ ജനപക്ഷം നേതാവ് പി.സി.ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകൾ ചേർത്ത് ജോ‍ർജിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഈ വർഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ കേസ് പ്രതി രഹസ്യമൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ പി.സി.ജോർ‍ജിനെ ഇന്ന് ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയിരുന്നു. ഈ കേസിൽ ക്രൈംബ്രാഞ്ചിന്‍റെ മൊഴിയെടുക്കൽ പൂർത്തിയായതിന് ശേഷമാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യൽ പൂർത്തിയായതോടെ മ്യൂസിയം പൊലീസ് പി.സി.ജോർജിനെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യുന്നതിനിടെ, 12.40ന് ആണ് പി.സി.ജോർജിനെതിരെ സോളാർ തട്ടിപ്പ് കേസ് പ്രതി പരാതി നൽകിയത്. ഒരു മണിക്കൂറിനകം എഫ്ഐആർ ഇട്ടു. ചോദ്യം ചെയ്യൽ പൂർത്തിയായി ആഹാരം കഴിച്ചയുടൻ പിസി.ജോർജിനെ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം രഹസ്യമൊഴി പരിശോധിക്കുകയാണെന്ന് പറഞ്ഞ പൊലീസ് അപ്രതീക്ഷിതമായാണ് അറസ്റ്റിലേക്ക് നീങ്ങിയത്. അതേസമയം ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. രഹസ്യമൊഴിയിലുള്ള ആരോപണം പണം വാങ്ങിയുള്ളതാണ്. രഹസ്യമൊഴി നുണയെന്ന് തെളിയുമെന്നും രാവിലെ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ പി.സി.ജോര്‍ജ് പറഞ്ഞു. മതവിദ്വേഷ പ്രസംഗ കേസിൽ നേരത്തെ പി.സി.ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios