കോട്ടയം: കേരള കോൺഗ്രസ് നേതൃസ്ഥാനം പിടിക്കാൻ ജോസ് കെ മാണി പി ജെ ജോസഫ് വിഭാഗങ്ങൾ നീക്കങ്ങൾ സജീവമാക്കുന്നു. ജോസ് കെ മാണിയെ പാർട്ടി ചെയർമാനാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ജില്ലാ പ്രസിഡന്റുമാർ സി എഫ് തോമസിനെ കണ്ടതിന് മറുപടിയുമായി പി ജെ ജോസഫ്. കാര്യങ്ങൾ തീരുമാനിക്കുന്നത് ജില്ലാ പ്രസിഡന്റുമാർ മാത്രമല്ല. എല്ലാം പാർട്ടി നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കും . സി.എഫ്.തോമസ് ചെയർമാനാകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പി ജെ ജോസഫ് പറ‌ഞ്ഞു.

ജോസഫിനെ വിമർശിച്ച പ്രതിഛായ ലേഖനത്തിന് പിന്നാലെ  പാർട്ടി പിടിക്കാൻ പരസ്യമായി രംഗത്തിറങ്ങിയിരുന്നു  മാണി വിഭാഗം. ലോക്സഭാ സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള ചർച്ചകളെ ഓർമ്മപ്പെടുത്തുന്നതായി ഇന്ന് നടന്ന മാണി വിഭാഗത്തിന്റെ നീക്കങ്ങൾ. മാണി വിഭാഗത്തിലെ 10 ജില്ലാ പ്രസിഡൻറുമാരിൽ 9 പേരാണ് സി എഫ് തോമസിനെ കണ്ട് ജോസ് കെ മാണിയെ ചെയർമാനാക്കണമെന്നും സി എഫ് തോമസിനെ പാർലമെൻററി പാർട്ടി നേതാവുമാക്കണമെന്നും ആവശ്യപ്പെട്ടത്. തുടർന്ന് ഇവർ ജോസ് കെ മാണിയുമായി പാലായിലെ വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാല്‍ നേതൃസ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നാണ് ജോസ് കെ മാണി വിശദീകരണം. മാണി വിഭാഗത്തിന്റെ നീക്കത്തിൽ സി എഫ് തോമസും അത്യപ്തനാണ്. സി എഫ് തോമസിനെ ചെയർമാനാക്കണമെന്ന നിർദ്ദേശമാണ് ജോസഫിനുള്ളത്. യു ഡി എഫ് ചേരുന്നതിന് തലേ ദിവസം മാണിയുടെ ചരമത്തിന്റെ 41 പോലും കഴിയും മുൻപ് മാണി വിഭാഗത്തിന്റെ നീക്കം പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറിക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍.