വൈദേകം മുൻ എംഡി രമേഷ് കുമാർ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇ പി ജയരാജൻ വ്യക്തമാക്കി

തിരുവനന്തപുരം : സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ റിസോർട് വിവാദം ഉന്നയിച്ചെന്ന് തുറന്ന് പറഞ്ഞ് ഇ പി ജയരാജൻ. അഴിമതി ആരോപണം എന്ന നിലയിലല്ല പി ജയരാജൻ ഉന്നയിച്ചതെന്നും സ്വകാര്യ സ്ഥാപനങ്ങളെ സഹകരണ സ്ഥാപനം പോലെ സഹായിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയർന്നതെന്നും ഇ പി പറഞ്ഞു. വൈദേകം മുൻ എംഡി രമേഷ് കുമാർ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇ പി ജയരാജൻ വ്യക്തമാക്കി.

ഇതുവരെ മാധ്യമ സൃഷ്ടി എന്ന തരത്തിലാണ് ഈ വിവാദത്തെ സിപിഎമ്മും നേതാക്കളും നിഷേധിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇ പി ജയരാജൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ്. രമേഷിന് റിസോ‍ർട്ടിൽ പിടിമുറുക്കാൻ കഴിയാത്ത സാഹചര്യത്തിൽ തന്റേ പേര് വലിച്ചിഴച്ചതാണെന്ന ആരോപണം ഇപി ഉന്നയിക്കുന്നുണ്ട്. 

അതേസമയം വിവാദമായ കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിലെ ഓഹരി വിൽക്കാൻ ഒരുങ്ങുകയാണ് ഇ പി ജയരാജന്‍റെ കുടുംബം. ജയരാജന്‍റെ ഭാര്യ ഇന്ദിരയുടെയും മകന്‍ ജെയ്‌സണിന്റെയുമാണ് ഓഹരി വിൽക്കുന്നത്. 91.99 ലക്ഷത്തിന്റെ ഓഹരിയാണ് ഇരുവര്‍ക്കുമായുള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയും ഓഹരി പങ്കാളിത്തം ഉണ്ട്. ഓഹരികൾ വിൽക്കാൻ തയ്യാർ എന്ന് ഡയറക്ടർ ബോർഡിനെ അറിയിച്ചിട്ടുണ്ട്. വിവാദങ്ങളെ തുടര്‍ന്നാണ് തീരുമാനമെന്നാണ് നിലവിൽ വ്യക്തമാകുന്നത്. വേദേകം റിസോര്‍ട്ടില്‍ കേന്ദ്ര ഏജിന്‍സി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇന്‍കം ടാക്സ് വകുപ്പും നോട്ടീസ് നല്‍കിയിട്ടുണ്ട്. വൈദേകം റിസോര്‍ട്ടിലെ ഓഹരി പങ്കാളിത്തം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലും വലിയ വിവാദങ്ങള്‍ ഉയ‍ർന്ന സാഹചര്യത്തിലാണ് ഇ പി യുടെ കുടുംബത്തിന്‍റെ തീരുമാനം.