ആകാശ് തില്ലങ്കേരിക്ക് പാർട്ടി പ്രാദേശിക നേതൃത്വത്തിന്‍റെ സഹായമുണ്ടെന്ന തിരിച്ചറിവിലാണ് സംസ്ഥാന നേതൃത്വം വടിയെടുത്തിരിക്കുന്നത്. മറ്റന്നാൾ പി ജയരാജൻ തില്ലങ്കേരിയിലെത്തി പൊതുസമ്മേളനത്തിൽ ആകാശിനെ തള്ളിപ്പറയും
കണ്ണൂര്‍: ക്വട്ടേഷൻ തലവൻ ആകാശിനെതിരെ തില്ലങ്കേരിയിൽ പോയി പ്രസംഗിക്കാൻ പി ജയരാജനെ ചുമതലപ്പെടുത്തി സംസ്ഥാന നേതൃത്വം. ജനങ്ങൾക്ക് ബോധ്യം വരണമെങ്കിൽ പി ജയരാജൻ തന്നെ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയണം എന്നാണ് നേതാക്കളുടെ പൊതുവികാരം. ആകാശിന് പ്രാദേശിക നേതൃത്വത്തിന്‍റെ സഹായമുണ്ടെന്ന തിരിച്ചറിവിൽ തില്ലങ്കേരി ലോക്കൽ കമ്മറ്റിക്ക് കീഴിലെ 19 ബ്രാഞ്ചുകൾക്കും സിപിഎം കർശന മുന്നറിയിപ്പും നൽകി.
പി ജയരാജനെ വാഴ്ത്തുന്ന പിജെ ആർമ്മിയെന്ന സമൂഹമാധ്യമ കൂട്ടായ്മയുടെ അഡ്മിനാണ് ആകാശ് തില്ലങ്കേരി. പി ജയരാജൻ നേതൃത്വത്തിലേക്ക് വരണമെന്ന് വാദിക്കുന്ന ഇക്കൂട്ടർ രാത്രിയായാൽ സ്വർണ്ണക്കടത്ത് ക്വട്ടേഷനും ഗുണ്ടാ പ്രവർത്തനവുമാണ് നടത്തുന്നതെന്ന് പാർട്ടി ഒരു വർഷം മുൻപ് വ്യക്തമാക്കിയിരുന്നു. പക്ഷെ സമൂഹമാധ്യമങ്ങളിൽ സിപിഎം പ്രചാരകരായി തുടരുകയായിരുന്നു സംഘം. ഷുഹൈബ് വധം പാർട്ടി ഏൽപിച്ചിട്ട് താൻ ചെയ്തതാണ് വെളിപ്പെടുത്തി സിപിഎമ്മിനെ വെട്ടിലാക്കിയ ആകാശിനെ ഒതുക്കാൻ തീവ്രശ്രമം പാർട്ടി കച്ചകെട്ടി ഇറങ്ങുകയാണ്. സാക്ഷാൽ പി ജയരാജൻ തന്നെ നേരിട്ട് തില്ലങ്കേരിയിലെത്തി പൊതുയോഗത്തിൽ ആകാശിനെ തള്ളിപ്പറയണമെന്നന് സംസ്ഥാന നേതൃത്വം തീരുമാനിച്ചു. നേരത്തെ എംവി ജയരാജൻ മാത്രം പങ്കെടുത്താൽ മതിയെന്ന് നിശ്ചയിച്ചതായിരുന്നു. പി ജയരാജൻ്റെ ഫോട്ടോ ഉൾപെടുത്തി പുതിയ പോസ്റ്റർ പുറത്തിറക്കി.
എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂരിലേക്ക് കടക്കും മുൻപ് ആകാശ് തില്ലങ്കേരി വിവാദം തീർക്കാനാണ് ശ്രമം. തില്ലങ്കേരി ലോക്കൽ കമ്മിറ്റിയിലെയും ബ്രാഞ്ചുകളിലെയും ആകാശിന് പിന്തുണ നൽകുന്ന അംഗങ്ങളോട് പിന്തിരിയാൻ കർശന മുന്നറിയിപ്പ് നൽകിക്കഴിഞ്ഞുജാമ്യം ലഭിച്ചതോടെ ആകാശും പിൻവാങ്ങുകയാണ്. സിപിഎമ്മിനോട് ഇനിയും പോർവിളിക്കുന്നത് തന്റെ നിലനിൽപിനെ ബാധിക്കും എന്ന് കണ്ടാണ് വെടി നിർത്തൽ. അതേസമയം ശുഹൈബിനെ കൊന്നത് താനാണെന്ന ആകാശിന്റെ വെളിപ്പെടുത്തലിൽ സിപിഎമ്മിനെ കുരുക്കിയിടാൻ യുഡിഎഫും ശ്രമം തുടങ്ങി.
