എസ്എഫ്ഐക്കാരുടെ വിജയരഹസ്യങ്ങൾ തേടി വിദേശ സർവ്വകലാശാല പ്രതിനിധികൾ ഉടൻ തന്നെ കേരളത്തിലെത്തുമെന്നാണ് അബ്ദു റബ്ബ് പരിഹസിക്കുന്നത്

മലപ്പുറം: മാര്‍ക്ക് ലിസ്റ്റ് വിവാദം അടക്കം അടുത്തിടെ ഇടത് പക്ഷ വിദ്യാഭ്യാസ സംഘടനാ നേതാക്കളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പരിഹാസവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബ്. എസ്എഫ്ഐക്കാരുടെ വിജയരഹസ്യങ്ങൾ തേടി വിദേശ സർവ്വകലാശാല പ്രതിനിധികൾ ഉടൻ തന്നെ കേരളത്തിലെത്തുമെന്നാണ് അബ്ദു റബ്ബ് പരിഹസിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ, കെ വിദ്യ, കായംകുളത്തെ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ്, ചിന്ത ജെറോം എന്നിവരുടെ ചിത്രമടക്കമാണ് അബ്ദു റബ്ബിന്‍റെ മൂഹമാധ്യമങ്ങളിലെ പരിഹാസം. 


പികെ അബ്ദു റബ്ബിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഞെട്ടിത്തരിച്ച് ലോകോത്തര സർവ്വകലാശാലകൾ !!!
ബി.കോം തോറ്റവന് എം.കോം പ്രവേശനം!
പരീക്ഷ പോലുമെഴുതാത്തവന് ഉന്നത വിജയം!
ഒന്നാം സെമസ്റ്ററിൽ നൂറിൽ നൂറു മാർക്ക്,
കിട്ടിയവന് രണ്ടാം സെമസ്റ്ററിൽ വട്ടപ്പൂജ്യം..!
പേരിൽ വിദ്യ എന്നുണ്ടെങ്കിൽ 
ഏതു രേഖ വഴിയും സർക്കാർ
ജോലി ...!
പേരിൽ ചിന്തയെന്നുണ്ടായാൽ
ഏതു വാഴക്കുലക്കും
ഡോക്ടറേറ്റ്...!
SFI ക്കാരുടെ ഈ വിജയരഹസ്യങ്ങൾ തേടി 
വിദേശ സർവ്വകലാശാല പ്രതിനിധികൾ 
ഉടൻ തന്നെ കേരളത്തിലെത്തുമെന്നാണ് കേൾക്കുന്നത്.

കായംകുളത്തെ എസ്എഫ്ഐ നേതാവിന്റെ വ്യാജ ഡിഗ്രി സംബന്ധിച്ച വിവരങ്ങളും ഗസ്റ്റ് അധ്യാപിക പദവിക്കായി വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതും എഴുതാത്ത പരീക്ഷ പാസായതായി മാര്‍ക്ക് ലിസ്റ്റ് വന്നതുമായി നിരവധി സംഭവങ്ങളാണ് അടുത്തിടെ എസ്എഫ്ഐയെ വിവാദത്തിലാക്കിയിട്ടുള്ളത്. ഇതിനിടയിലാണ് മുന്‍ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസം. 

എസ്എഫ്ഐ നേതാവിന്റെ വ്യാജ ഡിഗ്രി: എംഎസ്എം കോളേജ് പ്രതിക്കൂട്ടിൽ, വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player