ദില്ലി: അധികാരത്തിൽ ഒരു നിമിഷം പോലും തുടരാനുള്ള ധാർമ്മികത കെ ടി ജലീലിനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ജലീല്‍ ഭരണത്തില്‍ കടിച്ച് തൂങ്ങരുതെന്നും ഉടന്‍ രാജിവയ്ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണയാണ് ജലീലിൻ്റെ ബലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വർഗീയത ഇളക്കിവിട്ട് വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്ന് ഇ ടി മുഹമ്മദ് ബഷീറും പ്രതികരിച്ചു. ലീഗിനെ ജലീൽ ധാർമ്മികത പഠിപ്പിക്കേണ്ടെന്നും ഇ ടി പറഞ്ഞു.

കെ ടി ജലീല്‍ ഒളിച്ച് പോകുന്നതാണ് സംശയമുണ്ടാക്കുന്നതെന്ന് മുസ്ലീം ലീ​ഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ പി എ മജീദ് പ്രതികരിച്ചു. എന്‍ഐഎ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് വളരെ ഗൗരവകരമായ ഒരു കാര്യമാണ്. ജലീൽ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് രഹസ്യ നീക്കം നടത്തുന്നതെന്നും ജനങ്ങളോട് എല്ലാം തുറന്ന് പറയണമെന്നും മജീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Also Read: ജലീല്‍ ഒളിച്ചു പോകുന്നതാണ് സംശയമുണ്ടാക്കുന്നത്; കെ ടി ജലീലിന് ലീഗിന്‍റെ മറുപടി

അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

Also Read: ജലീലിന്‍റെ രാജി ആവര്‍ത്തിച്ച് പ്രതിപക്ഷം; ഇനിയും ന്യായീകരിക്കരുതെന്ന് സുരേന്ദ്രന്‍