ഭീകരതക്കെതിരായ ശക്തമായ മറുപടി. പാക്കിസ്താൻ ഉൾപ്പെടെയുള്ളവർ ഇനിയെങ്കിലും ഭീകരതയെ പ്രോൽസാഹിപ്പിക്കുന്നത് അവസാനിപ്പിക്കണം
തിരുവനന്തപുരം: രാജ്യസുരക്ഷയെ അപകടപ്പെടുത്താൻ ആരെയും അനുവദിക്കരുതെന്ന് മുസ്ലിം ലീഗ് മുസ്‌ലിം ലീഗ് ദേശിയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അത്തരത്തിലുള്ള അതിക്രമങ്ങൾ ഏത് ഭാഗത്ത് നിന്നുണ്ടായാലും അതിനെ രാജ്യം ധൈര്യസമ്മേതം ഒറ്റക്കെട്ടായി നേരിടുമെന്നതിന് തെളിവാണ് ഓപ്പറേഷൻ സിന്ദൂരെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പെഹൽഗാമിൽ ഭീകരവാദികൾ ഇല്ലാതാക്കിയത് നിരപരാധികളായ വിനോദസഞ്ചാരികളെയാണ്. ആക്രമണം വഴി തീവ്രവാദികൾ കശ്മിരിനെ തന്നെ തകർക്കാനാണ് ശ്രമിച്ചത്. അവരുടെ എക ജീവിതാശ്രയമായ വിനോദസഞ്ചാര വരുമാനം നിലച്ചു. ഭീകരതക്കെതിരായ ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്. പാക്കിസ്താൻ ഉൾപ്പെടെയുള്ളവർ ഇനിയെങ്കിലും ഭീകരതയെ പ്രോൽസാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'കേന്ദ്രത്തിനും പ്രതിരോധ സേനകൾക്കും പൂർണ പിന്തുണ'
തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം നടപടികളോടൊപ്പം തന്നെ പഹൽഗാമിൽ 26 നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും കേന്ദ്രസർക്കാർ ശ്രമിക്കണം. പാകിസ്ഥാനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നയതന്ത്ര ഇടപെടലുകൾ കൂടി സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകണം. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.



