Asianet News MalayalamAsianet News Malayalam

'ഗവർണർ - സർക്കാർ പോര് അഭികാമ്യമല്ല', ബില്ലുകളിൽ ഒപ്പിടരുതെന്ന് തന്നെയാണ് അഭിപ്രായമെന്നും കുഞ്ഞാലിക്കുട്ടി

ഗവർണർ ചെയ്തു കൊണ്ടിരിക്കുന്നത് ശരിയായ രീതിയല്ല. ബില്ലുകളിൽ ഗവര്‍ണര്‍ ഒപ്പിടരുതെന്ന് തന്നെയാണ് അഭിപ്രായമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

P K Kunhalikutty says government governor fight is not good
Author
First Published Sep 19, 2022, 3:34 PM IST

മലപ്പുറം: തുടരുന്ന ഗവർണർ - സർക്കാർ പോര് അഭികാമ്യം അല്ലെന്ന് പി കെ കുഞ്ഞാലികുട്ടി. ഇങ്ങനെയൊരു നിലയിലേക്ക് സർക്കാർ വിഷയം കൊണ്ടുപോകരുതായിരുന്നു. വിഷയത്തില്‍ പ്രതിപക്ഷം ആരുടേയും കൂടെ നിൽക്കരുതെന്നാണ് അഭിപ്രായമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയമായി എതിർ മുന്നണിയിൽ ആയതിനാൽ സർക്കാരിന്‍റെ കൂടെ നിൽക്കാനാവില്ല.  ഗവർണറുടെ പച്ചയായ ബിജെപി രാഷ്‌ടീയത്തോടൊപ്പം നിൽക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ ബില്ലുകളിൽ ഗവര്‍ണര്‍ ഒപ്പിടരുതെന്ന് തന്നെയാണ് അഭിപ്രായമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ഇപ്പോൾ നടക്കുന്നത് തെരുവിലെ പോരാട്ടമാണ്, അതിന്‍റെ ഉത്തരവാദിത്തം സർക്കാരിനാണ്. ഗവർണർ ചെയ്യുന്നത് ശരിയായ രീതിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും നേരത്തെ വ്യക്തമാക്കിയിരുന്നു. ലോകായുക്ത ബില്ല് നിയമവിരുദ്ധമാണെന്നും ഒപ്പിടരുതെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാമെന്നും എന്നാല്‍ ഓര്‍ഡിനന്‍സില്‍ അദ്ദേഹം ഒപ്പിട്ടുവെന്നും സതീശന്‍ കുറ്റപ്പെടുത്തി. 

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഇന്ന് രാജ്ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയത്. സ്വന്തം കേസില്‍ വിധി പറയാന്‍ ആരെയും അനുവദിക്കില്ലെന്നും താന്‍ ചാന്‍സലറായിരിക്കെ സര്‍വ്വകലാശാലകളില്‍ ഇടപെടല്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ ഇതോടൊപ്പം പറഞ്ഞു. 

നിയമസഭ ബില്ല് പാസാക്കിയാൽ അതിൽ ഗവര്‍ണര്‍ ഒപ്പിടുന്നതാണ് കീഴ്വഴക്കം. എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ വിശദീകരണം ചോദിക്കാറുമുണ്ട്. എന്നാൽ ഇതുവരെയുള്ള പതിവുവെച്ച് ഇത്തവണ കാര്യങ്ങൾ മുന്നോട്ട് പോകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. നിയമസഭ പാസാക്കിയ ബില്ലുകൾ നിയമ വകുപ്പിന്‍റെ പരിശോധനക്ക് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് വഴി രാജ്ഭവനിലെത്തിയിട്ടുണ്ട്. നിയമപരമായും ഭരണഘടനാപരമായും സാധുവാണോ എന്ന് ഗവര്‍ണര്‍ വിലയിരുത്താം. കൂടുതൽ വിശദീകരണം തേടാനും തൃപ്തികരമല്ലെങ്കിൽ സര്‍ക്കാരിലേക്ക് തിരിച്ചയക്കാനും ഗവര്‍ണര്‍ക്ക് കഴിയും. അതുമല്ലെങ്കിൽ രാഷ്ട്പതിയുടെ അംഗീകാരം തേടി കേന്ദ്രത്തിന് മുന്നിലെത്തിക്കാം. ഒപ്പിടാൻ സമയപരിധി ഇല്ലെന്നിരിക്കെ ഇതൊന്നും ചെയ്യാതെ ഗവര്‍ണര്‍ അനിശ്ചിതമായി തീരുമാനം നീട്ടിക്കൊണ്ട് പോകാനുള്ള സാധ്യതയും സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല. ഈ ഘട്ടത്തിലാണ് ഇനി എന്തു ചെയ്യുമെന്ന ചോദ്യം സര്‍ക്കാരിന് മുന്നിലെത്തുന്നത്.

Follow Us:
Download App:
  • android
  • ios