ജി സുധാകരന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ചേർത്തലയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി പ്രസാദ്. രാഷ്ട്രീയ നിലപാടുകൾ ഇനിയും പറയുമെന്നും സുധാകരൻ നിൽക്കുന്ന യുഡിഎഫിനെ വിമർശിക്കുമെന്നും പ്രസാദ് വ്യക്തമാക്കി. ബിജെപി വോട്ട് വാങ്ങിയാണ് ഇടതുപക്ഷം ജയിച്ചതെന്ന സുധാകരന്റെ വാദത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

ആലപ്പുഴ: ജി സുധാകരന്‍റെ വിമർശനങ്ങൾക്ക് മറുപടിയുമായി ചേര്‍ത്തലയിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി പ്രസാദ്. ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുള്ളവർ അഭിപ്രായം പറയുമ്പോൾ ജി സുധാകരൻ എന്തിനാണ് അസ്വസ്ഥൻ ആകുന്നത്. രാഷ്ട്രീയ നിലപാടുകൾ ഇനിയും പറയുമെന്ന് പ്രസാദ് വ്യക്തമാക്കി. താൻ ഒരു ക്ലബ്ബിന്‍റെ പ്രതിനിധി അല്ല രാഷ്ട്രീയപാർട്ടിയുടെ പ്രതിനിധിയാണ്. നിലവിൽ സുധാകരൻ എത്തിനിൽക്കുന്ന യുഡിഎഫിനെയും ജി സുധാകരന്‍റെയും സ്ഥാനാർത്ഥിത്വത്തെയും ഇനിയും വിമർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുധാകരൻ ചേർത്തലയിൽ വന്ന് പ്രസംഗിച്ചാൽ ഒരു വെല്ലുവിളിയും ഉണ്ടാകില്ല. സംസ്ഥാനത്ത് എവിടെയും പോയി പ്രസംഗിക്കാനും പ്രചരണം നടത്താനും സുധാകരന് സ്വാതന്ത്ര്യമുണ്ട്. ബിജെപി വോട്ട് വാങ്ങിയാണ് ജയിച്ചതെന്ന് സുധാകരന്‍റെ പരാമർശത്തിലും പ്രസാദ് പറഞ്ഞു. മുൻകാലങ്ങളിൽ ആരുടെയൊക്കെ കൂടെ കൂടിയെന്ന് സുധാകരൻ തന്നെ തുറന്നു പറയുകയാണ്. ബിജെപി വോട്ട് വാങ്ങിയാണ് ഇടതുപക്ഷം ജയിച്ചതെങ്കിൽ എച്ച് സലാം എങ്ങനെ ജയിച്ചു എന്ന് സുധാകരൻ പറയണമെന്നും അദ്ദേഹം പറഞ്ഞു.

മുൻപ് പ്രവർത്തിച്ച പാർട്ടിയെയും ഇടതുമുന്നണിയെയും ജി സുധാകരൻ അപ്പാടെ തള്ളിപ്പറയുന്ന പ്രവണത തുടരുന്നു. നിലവിൽ സുധാകരൻ നിൽക്കുന്ന യുഡിഎഫിനെതിരെയും നാളെ ഇങ്ങനെ പറഞ്ഞേക്കും. യുഡിഎഫ് നേതൃത്വം അതിനെപ്പറ്റി കാര്യമായി ചിന്തിക്കണം. ചേർത്തലയിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും പി പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.