മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പിൽ നിന്ന് പിന്നോട്ടില്ലെന്ന് എസ്‍ഡിപിഐ സ്ഥാനാർത്ഥി കെ എം അഷ്‌റഫ്‌ വ്യക്തമാക്കി. സിറ്റിംഗ് എംഎൽഎയും യുഡിഎഫ് സ്ഥാനാർഥിയുമായ എ കെ എം അഷ്‌റഫിന് പേരിലെ സാമ്യതയും മറ്റ് രണ്ട് അപരൻമാരും വലിയ ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തിൽ അപരൻമാർ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ.

കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് നിന്ന് മത്സരിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് എസ്‍ഡിപിഐ. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ സമ്മർദ്ദമുണ്ടെന്നും നാമനിർദേശ പത്രിക പിൻവലിക്കില്ലെന്നും , മഞ്ചേശ്വരം എസ്ഡിപിഐ സ്ഥാനാർത്ഥി കെ എം അഷ്‌റഫ്‌ വ്യക്തമാക്കി. ശക്തമായി മുന്നോട്ട് പോകും. ബിജെപിയെ സഹായിക്കാനാണെന്ന പ്രചാരണം വിലപ്പോകില്ല. എസ്ഡിപിഐ മത്സരിക്കുന്നതിൽ യുഡിഎഫിന് ആശങ്കയാണ്. മണ്ഡലത്തിൽ എസ്ഡിപിഐ - ബിജെപി മത്സരമാണ് നടക്കുന്നത്. എകെഎം അഷ്‌റഫ്‌ സമ്പൂർണ പരാജയമാണെന്നും കെ എം അഷ്‌റഫ്‌ പറഞ്ഞു.

അതേസമയം, 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന മഞ്ചേശ്വരത്ത് അപരന്‍മാര്‍ നിര്‍ണായകമാകും. സിറ്റിംഗ് എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എ കെ എം അഷ്‌റഫാണ് അപര ശല്യത്തില്‍ ഏറ്റവും ഭീഷണി നേരിടുന്നത്. മുസ്ലീം ലീഗ് നേതാവായ എ കെ എം അഷ്‌റഫിനെതിരെ എസ്‌ഡിപിഐ കളത്തിലിറക്കിയിരിക്കുന്നത് കെ എം അഷ്‌റഫ് എന്ന സ്ഥാനാര്‍ഥിയെയാണ്. പേരിലെ സാമ്യത വോട്ടര്‍മാരെ കുഴക്കാനിടയുണ്ട്. ഇതുകൂടാതെ എ കെ എം അഷ്‌റഫ് മറ്റ് രണ്ട് അപരന്‍മാരുടെ ശല്യം കൂടി നേരിടേണ്ടിവരും. ധർമ്മത്തടുക്ക സ്വദേശി മുഹമ്മദ് അഷ്റഫ് (സ്വതന്ത്രൻ), കീഴൂർ സ്വദേശി മുഹമ്മദ് അഷ്റഫ് കെ എ (സ്വതന്ത്രൻ) എന്നിവരാണിത്.

മഞ്ചേശ്വരത്ത് നാല് അഷ്‌റഫുമാര്‍

കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ (2016, 2021) ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് തലനാരിഴയ്‌ക്ക് നഷ്‌ടമായ മണ്ഡലമാണ് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം. 2019-ലെ ഉപതെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ മത്സരിച്ചിരുന്നില്ല. 2021-ല്‍ 855 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു മുസ്ലീം ലീഗ് നേതാവ് എ കെ എം അഷ്‌റഫിന്‍റെ വിജയം. എ.കെ.എം. അഷ്‌റഫ് 65,858 ഉം കെ. സുരേന്ദ്രന്‍ 65,013 ഉം സിപിഎം സ്ഥാനാര്‍ഥി വി.വി. രമേശന്‍ 40,639 ഉം വോട്ടുകള്‍ നേടി. ഇത്തവണയും എ.കെ.എം. അഷ്‌റഫും കെ. സുരേന്ദ്രനും നേര്‍ക്കുനേര്‍ വരുമ്പോള്‍ മഞ്ചേശ്വരം മത്സരം പൊടിപാറും എന്ന് ഉറപ്പായിരിക്കേയാണ് മണ്ഡലത്തില്‍ പേരില്‍ സാമ്യമുള്ള എസ്‌ഡിപിഐ സ്ഥാനാര്‍ഥി പ്രത്യക്ഷപ്പെട്ടതും അപരശല്യം കടുക്കുന്നതും.

എസ്‌ഡിപിഐ ജില്ലാ കൗണ്‍സില്‍ അംഗമായ കെ.എം. അഷ്‌റഫ് മഞ്ചേശ്വരത്ത് മത്സരിക്കുന്നത് യുഡിഎഫിന് വലിയ തലവേദന സൃഷ്‌ടിച്ചിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ.എം. അഷ്‌റഫുമായി എസ്‌ഡിപിഐ സ്ഥാനാര്‍ഥിക്ക് പേരിലുള്ള സാമ്യതയാണ് ഇതിന് കാരണം. പൊതുരംഗത്ത് ഇതുവരെ അഷ്‌റഫ് ബഡാജെ എന്നാണ് ഇദ്ദേഹം മുമ്പ് അറിയപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രചാരണം നടത്തുന്നത് കെ.എം. അഷ്‌റഫ് എന്ന പേരിലാണെന്നത് ആസൂത്രിതമാണെന്ന് ലീഗ് പറയുന്നു. പതിനായിരത്തോളം വോട്ടുകള്‍ മഞ്ചേശ്വരം മണ്ഡലത്തിലുണ്ടെന്ന് എഡ്‌സിപിഐ വാദിക്കുന്നുണ്ടെങ്കിലും കെ.എം. അഷ്‌റഫ് ആയിരം വോട്ടുകള്‍ പിടിച്ചാല്‍ പോലും മഞ്ചേശ്വരത്തെ ഫലത്തെ അത് സ്വാധീനിക്കും. 2021- നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണച്ചിരുന്ന സ്ഥാനത്താണ് ഇത്തവണ എസ്‌ഡിപിഐ ഒറ്റയ്‌ക്ക് മത്സരിക്കുന്നത്. ഇതും വോട്ടര്‍മാരില്‍ വിള്ളല്‍ സൃഷ്‌ടിക്കും.