പാതിവഴിയില്‍ തന്‍റെ  പോരാട്ടം അവസാനിപ്പിക്കുവാൻ ആര് വിചാരിച്ചാലും സാധിക്കില്ല. പി ടി തുടങ്ങിവച്ചതൊക്കെ പൂർത്തിയാക്കുക തന്നെ ചെയ്യുമെന്നും ഉമ തോമസ് വ്യക്തമാക്കി

കൊച്ചി: മകനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് തൃക്കാക്കര എംഎല്‍എ ഉമ തോമസ്. പൊലീസ് പൊക്കി എന്ന് പറയുന്ന തന്‍റെ മകൻ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കയറിയ തങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്. മൂത്ത മകൻ തൊടുപുഴ അൽ-അസർ കോളേജിൽ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ഉമ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. മരിച്ചിട്ടും ചിലർക്ക് പി ടിയോടുള്ള പക തീർന്നിട്ടില്ല.

പാതിവഴിയില്‍ തന്‍റെ പോരാട്ടം അവസാനിപ്പിക്കുവാൻ ആര് വിചാരിച്ചാലും സാധിക്കില്ല. പി ടി തുടങ്ങിവച്ചതൊക്കെ പൂർത്തിയാക്കുക തന്നെ ചെയ്യുമെന്നും ഉമ തോമസ് വ്യക്തമാക്കി. സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത പ്രചാരണം നടത്തിയവര്‍ക്കും അത് ഷെയര്‍ ചെയ്തവര്‍ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡി ജി പി ക്കും പരാതി നൽകുമെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു. മകന്‍ വീട് വൃത്തിയാക്കുന്ന ചിത്രം സഹിതമാണ് ഉമ തോമസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിനും ഉമ തോമസിനും ഒപ്പം മക്കള്‍ നില്‍ക്കുന്ന ചിത്രമുള്‍പ്പെടെ നല്‍കി സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രചാരണം നടക്കുന്നുണ്ട്.

പി ടിയുടെയും ഉമയുടെയും മകനായ വിവേക് തോമസിനെ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തുവെന്നാണ് പ്രചാരണം. കഴിഞ്ഞ ദിവസം നിയമസഭയില്‍ ലഹരിക്കെതിരെ നടപടിയാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസില്‍ ഇടപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ വികാരഭരിതമായ പ്രസംഗം ഏറെ ചര്‍ച്ചയായി മാറിയിരുന്നു. ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ മകന്‍റെ ലഹരിക്ക് അടിമപ്പെട്ട ജീവിതത്തെ കുറിച്ച് കൊണ്ടയിടറിയാണ് അദ്ദേഹം പ്രസംഗിച്ചത്.

''ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ മകനാണ്. എടുത്തുകൊണ്ടു നടന്നിട്ടുണ്ട്. പഠിക്കാൻ അതിമിടുക്കൻ. പ്രമുഖ എൻജിനീയറിങ് കോളജിൽ പഠനം പൂർത്തിയാക്കി. എന്നാൽ, ഇന്നു ലഹരിക്ക് അടിമയാണ്. രണ്ടാംതവണ ലഹരിവിമോചന കേന്ദ്രത്തിലാക്കി. അവൻ മിടുക്കനായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലും പ്രാ‍ർഥനയിലുമാണ്'' എന്നാണ് സതീശന്‍ പറഞ്ഞത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഈ പ്രസംഗം വൈറലായതിന് പിന്നാലെ സതീശന്‍ പറഞ്ഞ സുഹൃത്ത് പി ടിയാണെന്നും അദ്ദേഹത്തിന്‍റെ മകനാണ് ലഹരിക്ക് അടിമപ്പെട്ടതെന്നുമാണ് പ്രചാരണം നടക്കുന്നത്.

'സംസ്ഥാനത്തെ ലഹരി വ്യാപനം ദേശീയ സുരക്ഷയുടെ പ്രശ്നം ,സ്കൂളുകൾ കേന്ദ്രീകരിച്ച് യോദ്ധാവ് എന്ന പദ്ധതി തുടങ്ങും'