ദില്ലി: 71- റിപ്പബ്ളിക് ദിനത്തിന് മുന്നോടിയായി പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.രണ്ട് മലയാളികള്‍ക്ക് ഇക്കുറി പത്മശ്രീ ലഭിച്ചു. നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷി, സാമൂഹിക-ഗ്രന്ഥശാല പ്രവര്‍ത്തകന്‍ സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവരാണ് പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായത്. 

അന്യംനിന്നു പോയി കൊണ്ടിരിക്കുന്ന ഈ തനത് പാരമ്പര്യകലാരൂപത്തില്‍ വൈദഗ്ദ്ധ്യമുള്ള അപൂര്‍വ്വ വ്യക്തികളില്‍ ഒരാളാണ് പങ്കജാക്ഷിയമ്മ. പങ്കജാക്ഷിയമ്മയെ കൂടാതെ പേരമകള്‍ രഞ്ജിനിയും ഈ കലാരൂപത്തില്‍ വിദഗ്ദ്ധയാണ്. ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ നിലവില്‍ കലാരംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ് ഇപ്പോള്‍ പങ്കജാക്ഷിയമ്മ. അന്യം നിന്നു പോകുന്ന നോക്കുവിദ്യ പാവകളിയുടെ പ്രചാരണത്തിന് നല്‍കിയ നിര്‍ണായകസംഭാവനകള്‍ പരിഗണിച്ചാണ് പത്മപുരസ്കാരം നല്‍കിയിരിക്കുന്നത്. 

കൈകള്‍ കൊണ്ട് പാവകളെ നിയന്ത്രിക്കുന്ന തോല്‍പ്പാവകളിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് നോക്കുവിദ്യ പാവകളി. മൂക്കിനും മേല്‍ച്ചുണ്ടിനും ഇടയിലുള്ള ഇത്തിരി സ്ഥലത്ത് കുത്തി നിര്‍ത്തിയ ഒരു വടിയിലാണ് നോക്കുവിദ്യ പാവകളിയില്‍ പാവകളെ നിയന്ത്രിക്കുന്നത്. മഹാഭാരതവും രാമായണവും സാമൂഹ്യജീവിതത്തില്‍ നിന്നും എടുത്ത കഥകളുമെല്ലാം നോക്കുവിദ്യ പാവകളിയില്‍ അരങ്ങേറുന്നത്.  

മലയാളിയായ സത്യനാരായണൻ (69) മുണ്ടയൂർ നാല് പതിറ്റാണ്ടായി അരുണാചല്‍ പ്രദേശിലെ സമൂഹിക മേഖലയില്‍ സജീവസാന്നിധ്യമായ വ്യക്തിത്വതമാണ്. അരുണാചല്‍ പ്രദേശിലെ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിക്കാന്‍ അദ്ദേഹം ചുക്കാന്‍ പിടിച്ചു. 

1979- മുതല്‍ അരുണാചലിലെ ഗ്രാമങ്ങളില്‍ വായനാശാലകള്‍ തുറക്കാനും വിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്താനും അദ്ദേഹം നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മുംബൈയില്‍ റവന്യു ഓഫീസറായി ജോലി നോക്കുന്ന അദ്ദേഹം അരുണാചല്‍ പ്രദേശിലെ ജനങ്ങള്‍ക്കിടയില്‍ മൂസ അങ്കില്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. അരുണാചൽ നാടോടിക്കഥകൾ എന്ന പേരിൽ മലയാളത്തിൽ പുസ്തകം എഴുതിയിട്ടുണ്ട്. 

കർണാടകത്തിലെ സാധു കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന ഹരേക്കള ഹജ്ജബ്ബ (64), പഞ്ചാബിലെ നൂറ് കണക്കിന് രോഗികൾക്ക് രണ്ടു ദശാബ്ദമായി ഭക്ഷണം നല്കുന്ന  84കാരൻ ജഗദിഷ് ലാൽ അഹൂജ, ഭോപ്പാൽ വാതക ദുരന്തത്തിലെ ഇരകൾക്കായി മൂന്നു ദശാബ്ദമായി  പൊരുതിയ മധ്യ പ്രദേശിലെ 63 കാരൻ അബ്ദുൽ ജബ്ബാർ,  കാടിന്റെ എൻസൈക്ളോപീഡിയ എന്നറിയപ്പെടുന്ന കർണാടകത്തിലെ 72 കാരി തുളസി ഗൗഡ തുടങ്ങിയവർക്കും പത്മശ്രീ ലഭിച്ചു.

പോയ വര്‍ഷങ്ങളില്‍ പത്മപുരസ്കാരങ്ങളിലെ അമിത രാഷ്ട്രീയ സ്വാധീനം ഒഴിവാക്കാന്‍ മോദി സര്‍ക്കാര്‍ സജീവമായി ഇടപെട്ടിരുന്നു. പൊതുജനങ്ങള്‍ക്കും പത്മപുരസ്കാരത്തിന് നാമനിര്‍ദേശം നല്‍കാനുള്ള അവസരം വന്നതോടെ രാജ്യത്തിന്‍റെ സാമൂഹിക സാംസ്കാരിക രംഗത്തിന് നിര്‍ണായക സംഭാവനകള്‍ നല്‍കിയ നിരവധിയാളുകള്‍ക്ക് ഇക്കാലയളവില്‍ പത്മപുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു.