മുൻ മുഖ്യമന്ത്രിമാരായ ഏകെ ആന്‍റണി, കെ കരുണാകരൻ എന്നിവരുടെ മക്കള്‍ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേര്‍ന്നത് സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്

കണ്ണൂര്‍: ബിജെപിയിലേക്ക് ഇനിയും ആള്‍ക്കാരെ കൊണ്ടുവരുമെന്ന് പത്മജ വേണുഗോപാല്‍. ഇനിയും ബിജെപിയിലേക്ക് മുഖ്യമന്ത്രിമാരുടെ മക്കള്‍ വരാനുണ്ടെന്നും പത്മജ പറഞ്ഞു. എന്നാല്‍ വരാനിരിക്കുന്നവര്‍ ആരൊക്കെയെന്നത് ഇപ്പോള്‍ പറയില്ലെന്നും അവർ കൂട്ടിച്ചേർത്തു.കണ്ണൂരില്‍ എൻഡിഎ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പത്മജ. 

മുൻ മുഖ്യമന്ത്രിമാരായ ഏകെ ആന്‍റണി, കെ കരുണാകരൻ എന്നിവരുടെ മക്കള്‍ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേര്‍ന്നത് സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. ഏകെ ആന്‍റണിയുടെ മകൻ അനില്‍ ആന്‍റണി, കെ കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാല്‍ എന്നിവരാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയത്.

ഇനിയും മുഖ്യമന്ത്രിമാരുടെ മക്കളെത്തുമെന്ന് പറയുമ്പോള്‍ അത് ആരായിരിക്കുമെന്ന ആകാംക്ഷ ഏവരിലും നിറയ്ക്കുന്നതാണ് പത്മജയുടെ വാക്കുകള്‍. പത്മജയുടെ ബിജെപി പ്രവേശത്തിന് പിന്നാലെ തിരുവനന്തപുരത്ത് മൂന്ന് കോൺഗ്രസ് നേതാക്കള്‍ കൂടി ബിജെപിയിലേക്ക് ചുവടുമാറിയിരുന്നു. 

ഇനിയും കൂടുതല്‍ പേര്‍ കോൺഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് മാറുമെന്ന സൂചന നേരത്തെ തന്നെ പത്മജ നല്‍കിവരുന്നതാണ്.

Also Read:- 'നന്ദി ഇപി'; ബിജെപി സ്ഥാനാര്‍ത്ഥികള്‍ മികച്ചവരാണെന്ന് പറഞ്ഞ ഇപിക്ക് നന്ദി അറിയിച്ച് ബിജെപി നേതാക്കള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo