അഫ്ഗാനിസ്ഥാന്‍ വഴി ഇറാനിലേക്കും അവിടെ നിന്ന് കടല്‍ വഴി പാകിസ്ഥാന്‍ മാഫിയാ സംഘത്തിന്‍റെ കൈകളിലേക്കും മയക്കുമരുന്ന് കൈമാറുന്നു. 

കൊച്ചി: പുറങ്കടൽ വഴിയുള്ള അതിതീവ്ര ലഹരിക്കടത്തിന് പാകിസ്ഥാനിലെ മാഫിയയെന്ന് മൊഴി. അഫ്ഗാനിസ്ഥാനിൽ നിന്നെത്തിച്ച ലഹരിമരുന്ന് ഉൾക്കടലിൽ വച്ച് മറ്റൊരു സംഘത്തിന് കൈമാറുകയായിരുന്നു ലക്ഷ്യമെന്ന് ഉരുവിൽ നിന്ന് പിടിയിലായവർ മൊഴി നൽകി. പ്രതികളെ നർകോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൊച്ചി പുറങ്കടലിലെ ഉരുവിൽ നിന്ന് പിടിയിലായ ഇറാനിയൻ പൗരന്മാരെ ചോദ്യം ചെയ്തതിൽ നിന്നാണ് രാജ്യാന്തര ലഹരിക്കടത്തിന് പിന്നിലെ നിർണായക വിവരങ്ങൾ നർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് ലഭിച്ചത്. 210 കിലോ ഹെറോയിനാണ് ഉരുവിൽ നിന്ന് പിടിച്ചെടുത്തത്. അഫ്ഗാനിസ്ഥാനിൽ നിന്നാണ് അതിതീവ്ര ലഹരി മരുന്നായ ഹെറോയിന്‍റെ വരവ്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇത് ആദ്യം ഇറാൻ തുറമുഖങ്ങളിലെത്തിക്കും. ഇവിടെ നിന്ന് ഇറാനിയൻ സംഘം കപ്പലിലോ ഉരുവിലോ കൊണ്ടുപോകുന്ന ലഹരിമരുന്ന് ഉൾക്കടലിൽ വച്ച് പാക്കിസ്ഥാൻ കള്ളക്കടത്ത് മാഫിയാ സംഘത്തിന് കൈമാറും. പാക്കിസ്ഥാൻ സംഘമാണ് പിന്നീട് ഈ ലഹരി മരുന്ന് ഇന്ത്യൻ തീരത്ത് എത്തിച്ച് കൈമാറുന്നത്.

പാക്കിസ്ഥാൻ കള്ളക്കടത്ത് സംഘം സാറ്റലൈറ്റ് ഫോൺ വഴി, ഉൾക്കടലിൽ വച്ച് ലഹരി മരുന്ന് ആർക്ക് കൈമാറണം എന്ന് നിർദ്ദേശിക്കും. ഇത്തരത്തിൽ നിർദ്ദേശത്തിനായി കാത്ത് കിടക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഇറാനിയൻ ഉരു എൻസിബിയുടെയും നാവിക സേനയുടെയും പിടിയിലായത്. ഉരുവിലുണ്ടായിരുന്ന ആറ് പേരെ അറസ്റ്റ് ചെയ്തു. ഇറാനിയൻ പൗരന്മാരായ അബ്ദുൾ നാസർ, റഷീദ്, അബ്ദുൽ ഔസാർനി, ജുനൈദ്, അബ്ദുൾ ഖനി, അർഷാദ് അലി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ സാറ്റലൈറ്റ് ഫോൺ ചോർത്തിയതിലൂടെയാണ് കള്ളക്കടത്തിനെ കുറിച്ചുള്ള വിവരം എൻസിബിയ്ക്ക് ലഭിച്ചത്. മട്ടാ‍ഞ്ചേരിയിലെത്തിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ രാജ്യാന്തര ലഹരിക്കടത്ത് ശൃംഖലയെകുറിച്ചുള്ള കൂടുതൽ വിവരം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് എൻസിബി. വിശദാംശങ്ങൾ വെളിപ്പെടുത്താൻ എൻസിബി വൈകീട്ട് നാലിന് കൊച്ചിയിൽ വാർത്ത സമ്മേളനം വിളിച്ചു.

കൂടുതല്‍ വായനയ്ക്ക് : കൊച്ചിയിലെ ലഹരി മരുന്ന് വേട്ട: തുടരന്വേഷത്തിന് കോസ്റ്റൽ പൊലീസ്,പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും

കൂടുതല്‍ വായനയ്ക്ക് : 1400 കോടിയുടെ ലഹരികടത്ത്, 'ബുദ്ധികേന്ദ്രം ദക്ഷിണാഫ്രിക്കയിലുള്ള മന്‍സൂര്‍', ഇന്‍റര്‍പോള്‍ സഹായം തേടും