പാലാ/ തൊടുപുഴ: .യുഡിഎഫ് നേതാക്കളുടെ മധ്യസ്ഥ ശ്രമത്തിന് ശേഷവും മഞ്ഞുരുകാതെ നിൽക്കുന്ന പിജെ ജോസഫ് ജോസ് കെ മാണി വിഭാഗങ്ങൾക്കിടയിൽ പുതിയ നീക്കവുമായി പാലായിലെ സ്ഥാനാര്‍ത്ഥി. പിജെ ജോസഫ് ഇതുവരെ പാലായിൽ പ്രചാരണത്തിൽ സജീവമായി ഇറങ്ങാത്ത പശ്ചാത്തലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാ ജോസ് ടോം പിജെ ജോസഫിനെ നേരിൽ കാണാനെത്തി. തൊടുപുഴയിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച 

മുമ്പ് പല തവണ കണ്ടിരുന്നു എങ്കിലും വീട്ടിലെത്തി നേരിട്ട് കാണാൻ ആണ് എത്തിയത് എന്ന് ജോസ് ടോം പ്രതികരിച്ചു. അവസാനലാപ്പിലെ പ്രചാരണത്തിന് പിജെ ജോസഫ് ഇറങ്ങുമെന്ന പ്രതീക്ഷയും സ്ഥാനാര്‍ത്ഥി പങ്കുവച്ചു. സ്ഥാനാര്‍ത്ഥി വന്ന് കണ്ടത് വലിയ സന്തോഷമെന്നായിരുന്നു പിജെ ജോസഫിന്‍റെ പ്രതികരണം. 

ജോസഫ് ജോസ്കെ മാണി തര്‍ക്കം പാലായിലെ വിജയ സാധ്യതയെ ബാധിക്കരുതെന്ന നിര്‍ദ്ദേശമാണ് യുഡിഎഫ് നേതാക്കൾ നൽകിയിട്ടുള്ളത്. യുഡിഎഫ് കൺവീനറുടെ നേതൃത്വത്തിൽ സമവായ ചര്‍ച്ചക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണവുമായി സഹകരിക്കാമെന്ന് പിജെ ജോസഫ് നിലപാടെടുക്കുകയും ചെയ്തിരുന്നു. എന്നാൽ സ്ഥാനാര്‍ത്ഥി ജോസഫിനെ വീട്ടിലെത്തി കാണാത്തതിൽ അടക്കം അതൃപ്തിയുണ്ടെന്ന് ജോസഫ് വിഭാഗം നേതാക്കളിൽ ചിലര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് കൂടിയാണ് ഇന്നത്തെ കൂടിക്കാഴ്ചയെന്നാണ് കരുതുന്നത്.