Asianet News MalayalamAsianet News Malayalam

പാലാ നഗരസഭ എയര്‍പോഡ് മോഷണം: സിപിഎം അംഗത്തെ കുറ്റപ്പെടുത്തി മാണി ഗ്രൂപ്പ് കൗൺസിലര്‍, ഗൂഢാലോചനയെന്ന് മറുപടി

ഒരു പടി കൂടി കടന്ന് തനിക്കെതിരായ ഗൂഢാലോചനയിൽ ജോസ് കെ മാണിക്ക് പങ്കുണ്ടെന്നും ബിനു ആരോപിച്ചു

Pala municipality airpod theft case Kerala Congress M councilor accuses CPIM member kgn
Author
First Published Jan 24, 2024, 5:08 PM IST

കോട്ടയം: പാലാ നഗരസഭയിലെ എയർ പോഡ് മോഷണത്തിൽ സിപിഎം കൗൺസിലറെ കുറ്റപ്പെടുത്തി കേരള കോൺഗ്രസ് മാണി ഗ്രൂപ്പ്. സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിലിനെ കുറ്റപ്പെടുത്തിയാണ് കേരള കോൺഗ്രസ് എം കൗൺസലർ ജോസ് ചീരങ്കുഴി രംഗത്ത് വന്നത്. കൗൺസിൽ യോഗത്തിലായിരുന്നു സംഭവം. തനിക്കെതിരായ ആരോപണം ഗൂഢാലോചനയെന്ന് കുറ്റപ്പെടുത്തിയ ബിനു പുളിക്കക്കണ്ടം സംഭവത്തിൽ പൊലീസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ജോസ് ചീരങ്കുഴിയുടെ 30000 രൂപ വിലയുള്ള എയര്‍പോഡാണ് മോഷണം പോയത്.

പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് നഗരസഭാ ആക്ടിങ് ചെയര്‍മാന് ബിനു പുളിക്കക്കണ്ടം കത്ത് നൽകിയിട്ടുണ്ട്. ഒരു പടി കൂടി കടന്ന് തനിക്കെതിരായ ഗൂഢാലോചനയിൽ ജോസ് കെ മാണിക്ക് പങ്കുണ്ടെന്നും ബിനു ആരോപിച്ചു. ബിനുവിനെതിരായ ആരോപണം ഉന്നയിച്ച ജോസ് ചീരങ്കുഴിക്കെതിരെ കൗൺസിൽ യോഗത്തിൽ സിപിഎം അംഗങ്ങൾ പ്രതിഷേധിച്ചു. പിന്നാലെ കേരളാ കോൺഗ്രസ് എം കൗൺസിലര്‍മാര്‍ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ബഹളത്തെ തുടര്‍ന്ന് നഗരസഭാ കൗൺസിൽ യോഗം നിര്‍ത്തിവച്ചു.

എയര്‍പോഡ് യു ഡി എഫ് കൗൺസിലർമാരാരും എടുത്തിട്ടില്ലെന്ന് കാട്ടി യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് നഗരസഭാ അധ്യക്ഷയ്ക്ക് കത്ത് നൽകിയിരുന്നു. ഇതോടെ ഭരണപക്ഷ കൗൺസിലർമാർ ഒന്നടങ്കം സംശയ നിഴലിലായെന്ന് മാണി ഗ്രൂപ്പിലെ തന്നെ മറ്റൊരു കൗൺസിലർ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു. 

പാലാ നഗരസഭാ അധ്യക്ഷ സ്ഥാനം സിപിഎമ്മിലെ ജോസിൻ ബിനോ രാജിവച്ചതിന് പിന്നാലെയാണ് നഗരസഭയിൽ പുതിയ വിവാദം ഉടലെടുത്തത്. ഇടതു മുന്നണി ധാരണ പ്രകാരം കാലാവധി കഴിഞ്ഞതിനാലാണ് ജോസിൻ ബിനോ രാജിവെച്ചത്. ചെയർമാന്റെ താത്കാലിക ചുമതല വികസന സ്റ്റാൻഡി ഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ടിനാണ്. ഇനിയുള്ള രണ്ടു വർഷക്കാലം കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനാണ് ചെയർമാൻ സ്ഥാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios