പാലക്കാട് പുതുനഗരത്തെ വീട്ടിലും വ്യാസ വിദ്യാപീഠം സ്‌കൂളിലും പന്നിപ്പടക്കം പൊട്ടിത്തെറിച്ച സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് പൊലീസിന് സംശയം

പാലക്കാട്; പാലക്കാട് പുതുനഗരത്തും ആർഎസ്എസ് നിയന്ത്രണത്തിലുള്ള വ്യാസ വിദ്യാപീഠം സ്കൂളിലും പന്നി പടക്കം പൊട്ടിയ സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് പൊലീസിന് സംശയം. രണ്ടിടത്ത് നിന്നും കണ്ടെത്തിയ പന്നിപ്പടക്കങ്ങൾ ഒരേ രീതിയിൽ ഉണ്ടാക്കിയതാണെന്ന കണ്ടെത്തലാണ് പൊലീസിനെ ഈ നിഗമനത്തിലേക്ക് എത്തിച്ചത്. പുതുനഗരത്ത് പന്നിപ്പടക്കം പൊട്ടി പരിക്കേറ്റ ഷെരീഫിൻ്റെ സൗഹൃദ വലയങ്ങളും സംശയമുണർത്തുന്നതാണെന്ന് പൊലീസ് പറയുന്നു. എന്നാൽ ഷെരീഫിനെ ചോദ്യം ചെയ്യാൻ കഴിയാത്തത് അന്വേഷണത്തിന് വെല്ലുവിളിയാണ്. രണ്ട് സ്ഫോടക വസ്തുക്കളുടെയും രാസ പരിശോധനാ ഫലം വന്നാൽ മാത്രമെ കൂടുതൽ സ്ഥിരീകരണം ലഭിക്കൂവെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ആർഎസ്എസ് നിയന്ത്രണത്തിലുള്ള വ്യാസ വിദ്യാപീഠം സ്‌കൂളിലും പുതുനഗരത്ത് ഷെരീഫിൻ്റെ വീട്ടിലുമാണ് പന്നിപ്പടക്കം പൊട്ടിത്തെറിച്ചത്. വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ ഷെരീഫ് അപകട നില തരണം ചെയ്തെങ്കിലും ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. പന്നിപ്പടക്കം ഷരീഫിന്‍റെ കയ്യിൽ നിന്ന് വീണു പൊട്ടിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സഹോദരിയെ കാണാനാണ് ഷെരീഫ് വീട്ടിൽ എത്തിയത്. അപകടത്തില്‍ സഹോദരിക്കും പരിക്കേറ്റിരുന്നു. ഇയാൾ സ്ഥിരമായി പന്നി പടക്കം ഉപയോഗിച്ച് പന്നിയെ പിടിക്കാറുള്ളതായി പൊലീസിന്ന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ മൊഴി നൽകാൻ ഷരീഫിന്‍റെ സഹോദരിയും വൈമുഖ്യം കാണിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

പാലക്കാട് വ്യാസാ വിദ്യാപഠം പ്രൈമറി സിബിഎസ്ഇ സ്‌കൂളിന് സമീപത്ത് നിന്ന് പത്ത് വയസുകാരൻ പന്താണെന്ന് കരുതി തട്ടിയ പന്നിപ്പടക്കം ഉഗ്രശബ്ദത്തോടെ പൊട്ടുകയായിരുന്നു. കുട്ടിക്കും സമീപത്തുണ്ടായിരുന്ന സ്ത്രീക്കും ഈ അപകടത്തിൽ പരിക്കേറ്റിരുന്നു. സംഭവത്തിൽ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ് ചുമത്തിയാണ് അന്വേഷണം ആരംഭിച്ചത്. സ്കൂൾ കോമ്പൗണ്ടിൽ നാല് ബോംബുകളാണ് ഉണ്ടായിരുന്നതെന്നും ആർഎസ്എസിന് സംഭവത്തിൽ പങ്കുണ്ടെന്നുമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആരോപിച്ചത്.

YouTube video player