Asianet News MalayalamAsianet News Malayalam

'ഒന്നിനും പോകാത്ത മക്കളാണ്'; പൊട്ടിക്കരഞ്ഞ് സതീഷിന്‍റെ മുത്തശ്ശി, യുവാക്കളുടെ മരണത്തിൽ നടുങ്ങി കരിങ്കരപ്പുള്ളി

പാലക്കാട് ജില്ല ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക

palakkad karinkarappully murder case; youths death, shocks villagers
Author
First Published Sep 27, 2023, 10:39 AM IST

പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയില്‍ യുവാക്കളുടെ മരണത്തിന്‍റെ ഞെട്ടലില്‍ നാട്. കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടെതാണെന്ന് ഇന്ന് രാവിലെ പൊലീസ് സ്ഥിരീകരിച്ചതോടെ അപ്രതീക്ഷിത മരണത്തിന്‍റെ നടുക്കത്തിലാണ് നാട്ടുകാര്‍. രാവിലെ മൃതദേഹം പുറത്തെടുക്കുന്നതറിഞ്ഞ് സ്ഥലത്തേക്ക് നിരവധിപേരാണ് എത്തിയത്. പുറത്തെടുത്ത മൃതദേഹം യുവാക്കളുടെ കുടുംബാംഗങ്ങളും ബന്ധുക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്. നടപടിക്രമങ്ങള്‍ക്കുശേഷം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോകും. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുക. കേവലമൊരു അടിപിടി കേസിന്‍റെ പേരില്‍ പൊലീസ് ഓടിച്ചതിനിടെ പന്നിക്ക് വെച്ച വൈദ്യൂതി കമ്പിയില്‍ കുടുങ്ങി യുവാക്കള്‍ മരിച്ചതെന്നും ഇക്കാര്യത്തില്‍ പൊലീസ് കാണിച്ച അമിതാവേശമാണ് ഇതിന് കാരണമെന്നുമുള്ള ആരോപണവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്.

കാണാതായ സതീഷ് രണ്ടു ദിവസം മുമ്പ് വരെ വീട്ടിലുണ്ടായിരുന്നുവെന്ന് മുത്തശ്ശി കുഞ്ച ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിന്നീട് എന്താണ് ഉണ്ടായതെന്നറിയില്ലെന്നും എവിടെയും പോയി അങ്ങനെ നില്‍ക്കാറില്ലെന്നും കുഞ്ച പറഞ്ഞു. 'ഒന്നിനും പോകാത്ത മക്കളാണ്. എന്താണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന് അറിയില്ല. ഇവിടെ തന്നെ എപ്പോഴും ഉണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം വൈകിയെത്തിയപ്പോള്‍ വഴക്കുപറഞ്ഞിരുന്നു. രാത്രി വൈകിയെത്താറില്ല. എവിടെയെങ്കിലുമൊക്കെ വിരുന്നിനോ മറ്റോ മാത്രമെ പോയി നില്‍ക്കാറുള്ളു. അല്ലാതെ എവിടെയും പോയി നില്‍ക്കാറില്ല'- കുഞ്ച  പറഞ്ഞു.

പന്നിശല്യമുള്ള സ്ഥലമാണെങ്കിലും ഇത്തരത്തില്‍ വയലില്‍ വൈദ്യുതി കമ്പി സ്ഥാപിക്കുന്ന സംഭവം പ്രദേശത്ത് ആദ്യമാണെന്നും മുമ്പൊന്നും ഇത്തരം കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. പാലക്കാട് ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുവരുകയാണെന്നും പന്നികളെ ഉള്‍പ്പെടെ പിടികൂടാനായി സ്ഥാപിച്ച വൈദ്യുത കമ്പിയില്‍ തട്ടി ജില്ലയില്‍ ഇതിനോടകം നിരവധിപേരാണ് മരിച്ചിട്ടുള്ളതെന്നും നിസാര സംഭവത്തില്‍ പോലീസ് യുവാക്കളെ പിടികൂടാന്‍ കാണിച്ച അമിതാവേശവും കരിങ്കരപ്പുള്ളിയില്‍ യുവാക്കളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു.

ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്ത്. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികളും ആരംഭിച്ചു. മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചതോടെയാണ് കാണാതായ യുവാക്കളുടെതാണെന്ന് വ്യക്തമായത്. പന്നിക്ക് വെച്ച കെണിയില്‍ കുടുങ്ങിയാണ് യുവാക്കള്‍ മരിച്ചത്. പാടത്ത് വൈദ്യുതിക്കെണി വെച്ചിരുന്നതായി കസ്റ്റഡിയിലുണ്ടായിരുന്ന സ്ഥലമുടമ മൊഴി നൽകിയിരുന്നു. മൃതദേഹം കണ്ടപ്പോൾ കുഴിച്ചിട്ടുവെന്നും സ്ഥലമുടമ മൊഴി നൽകി. അതേസമയം, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ 4.5നാണ് യുവാക്കള്‍ പാടത്തേക്ക് ഓടിയത്. നാലു പേര്‍ രണ്ടു വഴിക്കായി ഓടുകയായിരുന്നു. പിന്നീട് ഇവരെ കാണാനായില്ല. സിസിടിവി ദൃശ്യങ്ങളിലാണ് ഇത് വ്യക്തമായത്. ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട്, നാല് പേരെ പൊലീസ് തെരഞ്ഞിരുന്നു. ഇതിൽ രണ്ട് പേരെ പൊലീസ് കണ്ടെത്തി. മറ്റു രണ്ടുപേര്‍ക്കായി നടത്തിയ പരിശോധനയിലാണ് കൊടുമ്പ് സ്കൂളിന് സമീപത്തെ പാടത്ത് മണ്ണ് മാറികിടക്കുന്നത് കണ്ടത്. ഇവിടെ ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന്‍റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. ഇന്നലെ നേരം വൈകിയതോടെയാണ് തുടര്‍ നടപടികള്‍ ഇന്നത്തേക്ക് മാറ്റിവെച്ചത്. സംഭവത്തില്‍ സ്ഥലമുടമ പൊലീസ് കസ്റ്റഡിയിലാണ്. കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് യുവാക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്. 

Follow Us:
Download App:
  • android
  • ios