പാലക്കാട് കല്ലിംഗൽ ജംഗ്ഷനിൽ കാട്ടുപന്നി കുറുകെ ചാടി കാർ മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
പാലക്കാട്: പാലക്കാട് കല്ലിംഗൽ ജംഗ്ഷനിൽ കാട്ടുപന്നി കുറുകെ ചാടി കാർ മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കാർ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത് എന്ന വിവരം വരുന്നുണ്ട്, അതുപോലെ കാട്ടുപന്നിയുടെ ആക്രമണത്തിലാണ് അപകടം എന്നും പറയുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. അതിന്‍റെ അടിസ്ഥാനത്തിൽ സത്യസന്ധമായ തീരുമാനം വനംവകുപ്പ് കൈക്കൊള്ളും. വന്യജീവി ആക്രമണം മൂലമാണ് അപകടം ഉണ്ടായതെങ്കിൽ, നൽകേണ്ട സഹായങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കും. പക്ഷേ അത് സ്ഥിരീകരിക്കേണ്ടതുണ്ട്. കാട്ടുപന്നികളുടെ ആക്രമണം കൂടുതലുള്ള സ്ഥലങ്ങളിൽ അവയെ വെടിവെച്ച് കൊല്ലാൻ അനുവാദം നൽകിയിട്ടുണ്ട്. പല പഞ്ചായത്തും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നില്ല. വന്യജീവി സംഘർഷം ഒഴിവാക്കാൻ പഞ്ചായത്ത് തല നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
പാലക്കാട് കല്ലിംഗൽ ജംഗ്ഷനിൽ കാട്ടുപന്നി കുറുകെ ചാടി കാർ മറിഞ്ഞാണ് മൂന്ന് യുവാക്കൾ മരിച്ചത്. പാലക്കാട് സ്വദേശികളായ റോഹൻ രഞ്ജിത്ത്, റോഹൻ സന്തോഷ്, സനൂജ് എന്നിവരാണ് മരിച്ചത്. ചിറ്റൂർ ഭാഗത്തുനിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അതേസമയം കാട്ടുപന്നി ഇടിച്ചതല്ല കാർ മരത്തിൽ ഇടിച്ചതാണ് അപകട കാരണമെന്നാണ് മന്ത്രി എ കെ ശശീന്ദ്രന്‍റെ വിശദീകരണം. ഇന്നലെ രാത്രി 10.50 ഓടെയാണ് അപകടം. കൊടുമ്പ് കനാൽ ജംഗ്ഷന് സമീപത്ത് വെച്ച് ആറംഗസംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു സമീപത്തെ പാടത്തേയ്ക്ക് മറിയുകയായിരുന്നു. ഇതില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മുക്കാൽ മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ആറ് യുവാക്കളെ കാറിനുള്ളിൽ നിന്ന് പുറത്ത് എത്തിച്ചത്. വാഹനം ഓടിച്ച യുവാവ് ഉൾപ്പടെയുള്ള മൂന്ന് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.



