കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ പ്രതിസ്ഥാനത്തുള്ള കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട്സ് ടെന്‍ഡര്‍ സമര്‍പ്പിച്ചത് പാലം രൂപകല്‍പ്പന ചെയ്യുന്ന കണ്‍സൾട്ടന്റ് ആരെന്ന കാര്യം മറച്ചുവച്ച്. ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ടെന്‍ഡര്‍ നിരസിക്കേണ്ടതിന് പകരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി ഇതിന് അംഗീകാരം നല്‍കുകയായിരുന്നുവെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.

പാലം നിര്‍മ്മാണത്തിലെ ഏറ്റവും സുപ്രധാനമായ ഭാഗമാണ് പാലത്തിന്‍റെ രൂപകല്‍പ്പന തയ്യാറാക്കല്‍. ടെന്‍ഡര്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഡിസൈന്‍ തയ്യാറാക്കുന്നത് ആരെന്ന് വ്യക്തമാക്കണം എന്നാണ് ചട്ടം. സമാന രീതിയിലുള്ള രണ്ട് പാലങ്ങളുടെ ഡിസൈന്‍ തയ്യാറാക്കി അത് കമ്മീഷൻ ചെയ്തതിന്‍റെ തെളിവും ഹാജാരാക്കണം. ഇത് സംബന്ധിച്ച് കരാറുകാരനും ഡിസൈന്‍ കണ്‍സല്‍ട്ടന്‍റും തമ്മിലുള്ള ധാരണാ പത്രവും സമർപ്പിക്കണം.

എന്നാല്‍, ഡിസൈൻ കൺസൾട്ടന്റിനെ സംബന്ധിച്ച ഒരു രേഖയും ഇല്ലാതെയാണ് കരാറുകാരായ ആര്‍ഡിഎസ് പ്രോജക്ടസ് ടെന്‍ഡർ സമര്‍പ്പിച്ചത്. ചട്ടങ്ങളുടെ ലംഘനമായതിനാല്‍ ആ ഘട്ടത്തില്‍തന്നെ ടെന്‍‍ഡര്‍ നിരസിക്കേണ്ടിയിരുന്നു. ആര്‍ഡിഎസിന് തന്നെ കരാര്‍ ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ റോഡ്സ് ആന്‍റ് ബ്രി‍ഡ്ജസ് ഡെവല്പമെന്‍റിലെ ഉദ്യോഗസ്ഥര്‍ ടെന്‍ഡറിന് അംഗീകാരം നല്‍കുകയായിരുന്നുവെന്ന് വിജിലന്‍സ് വ്യക്തമാക്കി.

പാലത്തിന് തകരാര്‍ കണ്ടെത്തിയതോടെ സംസ്ഥാന സര്‍ക്കാര്‍ ചെന്നൈ ഐഐടിയെ വിശദമായ പഠനത്തിന് നിയോഗിച്ചിരുന്നു. പാലത്തിന്‍റെ രൂപകല്‍പ്പനയില്‍ ഗുരുതരമായ തകരാര്‍ ഉണ്ടായിരുന്നുവെന്ന് ചെന്നൈ ഐഐടിയുടെ വിദഗ്ദ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ടെന്‍ഡറിലെ സാങ്കേതിക വശങ്ങള്‍ പരിശോധിച്ച് ഉപദേശം നല്‍കാന്‍ ചുമതലപ്പെട്ട കിറ്റ്കോയും ഇക്കാര്യത്തില്‍ വീഴ്ച വരുത്തി. ആര്‍ഡിഎസ്സിന് തന്നെ കരാര്‍ ലഭിക്കുന്ന തരത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെല്ലാം തുടക്കം മുതലേ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്.