Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം അഴിമതിക്കേസ്; ടിഒ സൂരജ് ഉൾപ്പടെയുള്ള പ്രതികളെ എറണാകുളം റസ്റ്റ് ഹൗസിൽ ഹാജരാക്കും

കേസിലെ നാലാം പ്രതിയായ ടി ഒ സൂരജിനെ കൂടാതെ ഒന്നാം പ്രതി കരാർ കമ്പനി എം ഡി സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ അസി. ജനറൽ മാനേജരുമായ എം ടി തങ്കച്ചൻ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുന്നത്. 

Palarivattom bridge scam accused including TO Sooraj were produced at the Ernakulam Rest House Today
Author
Kochi, First Published Oct 17, 2019, 10:15 AM IST

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് ഉൾപ്പടെയുള്ള മൂന്ന് പ്രതികളെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി ക്യാമ്പ് സിറ്റിംഗ് നടത്തുന്ന എറണാകുളം റസ്റ്റ് ഹൗസിൽ ഹാജരാക്കും. റിമാൻഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി.

കേസിലെ നാലാം പ്രതിയായ ടി ഒ സൂരജിനെ കൂടാതെ ഒന്നാം പ്രതി കരാർ കമ്പനി എം ഡി സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ അസി. ജനറൽ മാനേജരുമായ എം ടി തങ്കച്ചൻ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കുക. കേസിലെ മൂന്നാം പ്രതി കിറ്റ്കോ മുൻ ജോയിന്‍റ് ജനറൽ മാനേജർ ബെന്നി പോളിന് ഹൈക്കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം, പാലാരിവട്ടം പാലം അഴിമതിക്കേസിന് പുറമെ മലപ്പുറം ചമ്രവട്ടം റഗുലേറ്റർ കം ബ്രിജിന്റെ അഞ്ച് അനുബന്ധ റോഡുകളുടെ നിർമ്മാണത്തിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹർജിയിൽ ടി ഒ സൂരജിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടിട്ടുണ്ട്. 2012-13 കാലഘട്ടത്തിൽ മലപ്പുറം ജില്ലയിലെ ഭാരതപ്പുഴയുടെ കുറുകെ മേജർ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ അഞ്ച് അപ്രോച്ച് റോഡുകൾക്ക് ടെണ്ടർ വിളിക്കാതെ കരാർ നൽകിയെന്നാണ് കേസ്.കേസിൽ 35 കോടി രൂപയുടെ അഴിമതിയാണ് സൂരജിനെതിരെ ആരോപിക്കുന്നത്.

സൂരജിനെ കൂടാതെ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ എംഡി കെ എസ് രാജു, ചീഫ് എഞ്ചിനീയർ പി കെ സതീശൻ, ജനറൽ മാനേജർ ശ്രീനാരായണൻ, മാനേജിംഗ് ഡയറക്ടർ പി ആർ സന്തോഷ് കുമാർ, ഫിനാൻസ് മാനേജർ ശ്രീകുമാർ, അണ്ടർ സെക്രട്ടറി എസ് മാലതി, കരാറുകാരായ പി ജെ ജേക്കബ്, വിശ്വനാഥൻ വാസു അരങ്ങത്ത്,കുരീക്കൽ ജോസഫ് പോൾ എന്നിവർക്കെതിരെയും എഫ്ആർ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, ജയിലിലായതിനാൽ ചമ്രവട്ടം കേസിനെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് സൂരജ് പ്രതികരിച്ചു. കേസ് വിജിലൻസ് അന്വേഷിക്കട്ടെയെന്നും മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള കേസ് അട്ടിമറിക്കാൻ മുൻ അന്വേഷണ സംഘത്തലവൻ ശ്രമിച്ചെന്ന റിപ്പോർട്ടിനെ കുറിച്ച് കോടതിയിലായതിനാൽ പ്രതികരിക്കുന്നില്ലെന്നും സൂരജ് പറഞ്ഞു.

Read More:ടിഒ സൂരജിനെതിരെ വീണ്ടും അഴിമതിക്കേസ്; ചമ്രവട്ടം പാലത്തിന്റെ അപ്രോച്ച് റോഡുകൾക്ക് ടെണ്ടർ വിളിക്കാതെ കരാർ നൽകി

പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഓഗസ്റ്റ് 30-നാണ് ടി ഒ സൂരജ് അടക്കം നാലു പേരെ വിജിലൻസ് അറസ്റ്റ് ചെയ്തത്. 45 ദിവസത്തിലധികം ജയിലിൽ കഴിഞ്ഞ സൂരജടക്കമുള്ളവർ കഴിഞ്ഞ ദിവസം നൽകിയ ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു.  

 

 

 

Follow Us:
Download App:
  • android
  • ios