Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം അഴിമതി; ടി ഒ സൂരജ് ഉൾപ്പെടെ നാല് പ്രതികളെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പെടെയുള്ള നാല് പ്രതികളെ ഈ മാസം അഞ്ചാം തിയതി വരെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി കസ്റ്റഡിയിൽ വിട്ടത്.

palarivattom bridge scam four accused under vigilance custody
Author
Kochi, First Published Sep 2, 2019, 1:03 PM IST

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പെടെ നാല് പ്രതികളെ വിജിലൻസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം അഞ്ചാം തിയതി വരെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. പാലം പണിത നിർമാണക്കമ്പനിയായ ആർഡിഎസ് പ്രോജക്ട്‍സിന്‍റെ എം ഡി സുമീത് ഗോയൽ, കിറ്റ്‍കോയുടെ മുൻ എംഡി ബെന്നി പോൾ, ആർബിഡിസികെ അസിസ്റ്റന്‍റ് ജനറൽ മാനേജർ പി ഡി തങ്കച്ചൻ എന്നിവരാണ് മറ്റ് പ്രതികള്‍.

കേരള റോഡ്‍സ് ആന്‍ഡ് ബ്രിഡ്‍ജസ് കോർപ്പറേഷൻ മുന്‍ എംഡി മുഹമ്മദ് ഹനീഷ് ഉൾപ്പടെ കേസിലാകെ 17 പ്രതികളാണുള്ളത്. അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് നാല് പ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവരാണ് കേസിലെ മറ്റ് പ്രതികൾ. കേസുമായി ബന്ധപ്പെട്ട് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും വിജിലൻസ് ചോദ്യം ചെയ്തിരുന്നു.

കേസന്വേഷണം പ്രതികളുടെ സാമ്പത്തിക ഇടപാടുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് വിജിലന്‍സ്. പ്രതികളെ കസ്റ്റ‍ഡിയില്‍ വാങ്ങുന്നതോടെ കോഴപ്പണം പങ്കുവെച്ചതിന്‍റെ വിവരങ്ങള്‍ ലഭിക്കുമെന്നാണ് വിജിലന്‍സിന്‍റെ പ്രതീക്ഷ. ദേശീയ പാത അതോറിറ്റിയെ ഒഴിവാക്കി പാലാരിവട്ടം പാലം നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത് ടോള്‍ ഒഴിവാക്കാന്‍ ആണെന്നായിരുന്നു അന്ന് ഉന്നയിച്ച വാദം. എന്നാല്‍ അഴിമതിക്ക് കളമൊരുക്കാനായിരുന്നു ഈ തീരുമാനം എന്നാണ് വിജിലന്‍സിന്‍റെ വിലയിരുത്തല്‍.  

Follow Us:
Download App:
  • android
  • ios