Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം അഴിമതി; ടി ഒ സൂരജ് ഉള്‍പ്പടെയുള്ളവരെ റിമാന്‍റ് ചെയ്തു

ടി ഒ സൂരജ് ഉള്‍പ്പടെ നാല് പ്രതികളെയും സെപ്റ്റംബര്‍ 19 വരെ വിജിലന്‍സ് കോടതി റിമാന്‍റ് ചെയ്തു. പ്രതികളുടെ ജാമ്യാപേക്ഷ നാളെ മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിക്കും.

t o sooraj and others were remanded in palarivattom bridge scam
Author
Kochi, First Published Sep 5, 2019, 4:23 PM IST

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പടെ നാല് പ്രതികളെയും സെപ്റ്റംബര്‍ 19 വരെ വിജിലന്‍സ് കോടതി റിമാന്‍റ് ചെയ്തു. പ്രതികളുടെ ജാമ്യാപേക്ഷ നാളെ മൂവാറ്റുപുഴ വിജിലൻസ് കോടതി പരിഗണിക്കും.

സൂരജിന് പുറമേ,പാലം പണിത നിർമാണക്കമ്പനിയായ ആർഡിഎസ് പ്രോജക്ട്‍സിന്‍റെ എം ഡി സുമീത് ഗോയൽ, കിറ്റ്‍കോയുടെ മുൻ എംഡി ബെന്നി പോൾ, ആർബിഡിസികെ അസിസ്റ്റന്‍റ് ജനറൽ മാനേജർ പി ഡി തങ്കച്ചൻ എന്നിവരെയാണ് സെപ്റ്റംബര്‍ 19 വരെ കോടതി റിമാന്‍റ് ചെയ്തത്. ജസ്റ്റിസ് ബി കലാംപാഷയാണ് പ്രതികളെ റിമാന്റ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിലേക്ക് അയച്ചത്.

അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് നാല് പ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവരാണ് കേസിലെ മറ്റ് പ്രതികൾ. കേസിലാകെ 17 പ്രതികളാണുള്ളത്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും വിജിലൻസ് ചോദ്യം ചെയ്തിരുന്നു.

കേസന്വേഷണം പ്രതികളുടെ സാമ്പത്തിക ഇടപാടുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് വിജിലന്‍സ്. ദേശീയ പാത അതോറിറ്റിയെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ പാലാരിവട്ടം പാലത്തിന്‍റെ നിര്‍മാണം  ഏറ്റെടുത്തത് ടോള്‍ ഒഴിവാക്കാന്‍ ആണെന്നായിരുന്നു അന്ന് ഉന്നയിച്ച വാദം. എന്നാല്‍ അഴിമതിക്ക് കളമൊരുക്കാനായിരുന്നു ഈ തീരുമാനം എന്നാണ് വിജിലന്‍സിന്‍റെ വിലയിരുത്തല്‍.  

Follow Us:
Download App:
  • android
  • ios