Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം ക്രമക്കേട് ഞെട്ടിപ്പിക്കുന്നതെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണർത്തുന്ന ഗുരുതര കുറ്റകൃത്യമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് വിജിലൻസ് കോടതി ജഡ്ജി ചൂണ്ടിക്കാട്ടി. അഴിമതിക്ക് പിന്നിലെ മുഴുവന്‍ കാര്യങ്ങളും വെളിച്ചത്ത് വരാന്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

palarivattom flyover scam is shocking observes vigilance court
Author
Kochi, First Published Sep 2, 2019, 6:12 PM IST

കൊച്ചി: പാലാരിവട്ടം പാലത്തിന്‍റെ 30 കോൺക്രീറ്റ് സാമ്പിളുകളിൽ 80 ശതമാനവും മോശം നിലവാരത്തിലുള്ളതാണെന്ന പരിശോധനാ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതെന്നാണെന്ന് മുവാറ്റുപുഴ വിജിലന്‍സ് കോടതി. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് വിജിലന്‍സ് ജഡ്ജിയുടെ പരാമര്‍ശം. ഇതിനിടെ കിറ്റ്കോ  മുന്‍ എംഡി സിറിയക് ഡേവിസ്, കണ്‍സട്ടന്‍റ് ആയിരുന്ന ഷാലിമാര്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി നിർദ്ദേശം നൽകി. 

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണർത്തുന്ന ഗുരുതര കുറ്റകൃത്യമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് വിജിലൻസ് കോടതി ജഡ്ജി ചൂണ്ടിക്കാട്ടി. അഴിമതിക്ക് പിന്നിലെ മുഴുവന്‍ കാര്യങ്ങളും വെളിച്ചത്ത് വരാന്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിഷയത്തിൽ കണ്ണടയ്ക്കാൻ കോടതിക്കാവില്ലെന്ന് വ്യക്തമാക്കി.

പ്രതികളെ കസ്റ്റഡിയില്‍ചോദ്യം ചെയ്യണമെന്ന വിജിലന്‍സിന്‍റെ ആവശ്യം ന്യായമാണെന്നും അഞ്ചാം തീയതി വരെ കസ്റ്റഡിയില്‍ വിട്ടു കൊണ്ട് 
കോടതി നിരീക്ഷിച്ചു. നാല് ദിവസത്തെ കസ്റ്റഡിയാണ് വിജിലൻസ് ആവശ്യപ്പെട്ടിരുന്നത്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിജിലൻസ് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യുമൊ എന്ന്  ഈ ഘട്ടത്തില്‍ പറയാനാവില്ലെന്ന് വിജിലന്‍സ് ഡിവൈഎസ്പി ആർ അശോകന്‍ പറഞ്ഞു. 

മുൻ പിഡബ്ല്യുഡി സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പെടെ നാല് പ്രതികളെയാണ് ഈ മാസം അഞ്ചാം തിയതി വരെ വിജിലൻസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പാലം പണിത നിർമാണക്കമ്പനിയായ ആർഡിഎസ് പ്രോജക്ട്‍സിന്‍റെ എം ഡി സുമീത് ഗോയൽ, കിറ്റ്‍കോയുടെ മുൻ എംഡി ബെന്നി പോൾ, ആർബിഡിസികെ അസിസ്റ്റന്‍റ് ജനറൽ മാനേജർ പി ഡി തങ്കച്ചൻ എന്നിവരാണ് മറ്റ് പ്രതികള്‍.

കേരള റോഡ്‍സ് ആന്‍ഡ് ബ്രിഡ്‍ജസ് കോർപ്പറേഷൻ മുന്‍ എംഡി മുഹമ്മദ് ഹനീഷ് ഉൾപ്പടെ കേസിലാകെ 17 പ്രതികളാണുള്ളത്. അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് നാല് പ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവരാണ് കേസിലെ മറ്റ് പ്രതികൾ. കേസുമായി ബന്ധപ്പെട്ട് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും വിജിലൻസ് ചോദ്യം ചെയ്തിരുന്നു.

കേസന്വേഷണം പ്രതികളുടെ സാമ്പത്തിക ഇടപാടുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് വിജിലന്‍സ്. പ്രതികളെ കസ്റ്റ‍ഡിയില്‍ വാങ്ങുന്നതോടെ കോഴപ്പണം പങ്കുവെച്ചതിന്‍റെ വിവരങ്ങള്‍ ലഭിക്കുമെന്നാണ് വിജിലന്‍സിന്‍റെ പ്രതീക്ഷ. ദേശീയ പാത അതോറിറ്റിയെ ഒഴിവാക്കി പാലാരിവട്ടം പാലം നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത് ടോള്‍ ഒഴിവാക്കാന്‍ ആണെന്നായിരുന്നു അന്ന് ഉന്നയിച്ച വാദം. എന്നാല്‍ അഴിമതിക്ക് കളമൊരുക്കാനായിരുന്നു ഈ തീരുമാനം എന്നാണ് വിജിലന്‍സിന്‍റെ വിലയിരുത്തല്‍.  

Follow Us:
Download App:
  • android
  • ios