ലീഗ് നിലപാടിനെ മാനിച്ച് സിപിഎം, പക്ഷേ അണികളെ തടയില്ലെന്ന് വിശ്വാസം; സമസ്തയുടെ ബാനറിൽ അണിനിരക്കുമെന്ന് പ്രതീക്ഷ
പലസ്തീൻ അനുകൂല നിലപാടിനേയും റാലിയേയും പിന്തുണക്കുന്നു, എന്നാൽ സിപിഎമ്മിനൊപ്പം വേദി പങ്കിടാൻ സാങ്കേതികമായി തടസമുണ്ട്. ലീഗിന്‍റെ ഈ നിലപാടിനെ പൂർണ്ണമായും ഉൾക്കൊള്ളുകയാണ് സിപിഎം.

തിരുവനന്തപുരം: പലസ്തീൻ അനുകൂല റാലിയിൽ സാങ്കേതിമായി മുസ്ലീം ലീഗ് പങ്കെടുക്കില്ലെങ്കിലും അണികളെത്തുമെന്ന അത്മവിശ്വാസത്തിൽ സിപിഎം. റാലിക്ക് ഇല്ലെന്ന ലീഗിന്‍റെ നിലപാട് മുഖവിലയ്ക്ക് എടുക്കുന്നു എന്നും മറ്റൊരു മുന്നണിയിലെ ഘടകക്ഷി എന്ന നിലയിൽ മാന്യമായ സമീപനമാണ് അതെന്നുമാണ് സിപിഎം നേതൃത്വത്തിന്‍റെ വിലയിരുത്തൽ. മത ന്യൂനപക്ഷങ്ങളെ കൂടെ നിർത്താൻ വിപുലമായ പദ്ധതികൾക്കും സിപിഎം ഒരുങ്ങുകയാണ്.
പലസ്തീൻ അനുകൂല നിലപാടിനേയും റാലിയേയും പിന്തുണക്കുന്നു, എന്നാൽ സിപിഎമ്മിനൊപ്പം വേദി പങ്കിടാൻ സാങ്കേതികമായി തടസമുണ്ട്. ലീഗിന്‍റെ ഈ നിലപാടിനെ പൂർണ്ണമായും ഉൾക്കൊള്ളുകയാണ് സിപിഎം. മറ്റൊരു മുന്നണിയിലെ ഘടക കക്ഷിയെന്ന നിലയിൽ ലീഗിന്‍റെ പരിമിതി മനസിലാക്കുന്നു. അതോടൊപ്പം കോൺഗ്രസ് സമ്മർദ്ദത്തെ തുടർന്നാണ് ലീഗ് നേതൃത്വം റാലിയിൽ പങ്കെടുക്കാത്തതെന്ന രാഷ്ട്രീയ പ്രചാരണം ശക്തമാക്കി ന്യൂനപക്ഷ മനസ് ഒപ്പം നിർത്താനാണ് സിപിഎം ശ്രമിക്കുന്നത്.
മാത്രമല്ല റാലിക്കെത്തില്ലെന്ന് നേതൃത്വം വ്യക്തമാക്കുമ്പോഴും അണികളെ തടയില്ലെന്ന ആത്മവിശ്വാസവും സിപിഎം നേതാക്കൾക്കുണ്ട്. സമസ്തയുടെ ബാനറിൽ ലീഗ് അണികളും റാലിയിലുണ്ടാകും. മത സംഘടനയിലെ അംഗങ്ങൾ എന്ന നിലയിലാവും പങ്കാളിത്തമെങ്കിലും ന്യൂനപക്ഷങ്ങളുടെ പൊതു വികാരം എന്ന തരത്തിലുള്ള രാഷ്ട്രീയ പ്രതിഫലനമാണ് അതുണ്ടാക്കുക.
ലീഗ് അണികളുടെ പങ്കാളിത്തം കോൺഗ്രസിന് ശക്തമായ തിരിച്ചടിയാകുമെന്നുമാണ് സിപിഎമ്മിന്‍റെ കണക്കുകൂട്ടൽ. ചുരുങ്ങിയത് 30000 പേരെങ്കിലും റാലിക്ക് എത്തുമന്നും സിപിഎം പറയുന്നു. സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്കുള്ള ക്ഷണം മുസ്ലിം ലീഗ് നിരസിച്ചതോടെ, മുന്നണിയുടെ കെട്ടുറപ്പിൽ രാഷ്ട്രീയ ആശ്വാസം കണ്ടെത്തുകയാണ് കോൺഗ്രസ്. പക്ഷേ, സിപിഎമ്മിനെ കടന്നാക്രമിച്ചുള്ള പ്രതികരണങ്ങൾ ലീഗ് നടത്താത്തതിൽ ചെറുതല്ലാത്ത ആശങ്കയും ഉണ്ട്. ഇത് തുടർച്ചയായ രണ്ടാം തവണയാണ് സിപിഎം വിരിച്ച രാഷ്ട്രീയവലയിൽ വീഴാതെ ലീഗ് യുഡിഎഫിനെ കാത്തത്. പാർട്ടിയുടെ വോട്ടുബാങ്ക് ആയ സമസ്തയെ പോലും മറന്നാണ് മുന്നണി ബന്ധം നിലനിർത്താൻ നിലപാട് സ്വീകരിച്ചതെന്നുള്ളതാണ് ശ്രദ്ധേയം.