Asianet News MalayalamAsianet News Malayalam

ഇങ്ങനെ പോയാൽ എവിടെ ഭരണം കിട്ടാൻ! 'മൂർച്ചയില്ല, യൂത്ത് കോണ്‍ഗ്രസ് നിര്‍ജീവം'; കോണ്‍ഗ്രസിനുള്ളില്‍ ആത്മവിമര്‍ശനം

ഒന്നാം പിണറായി സര്‍ക്കാരിനെതിരെ തുടരെത്തുടരെ അഴിമതി ആരോപണങ്ങളുന്നയിച്ചിട്ടും രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷത്തിന് ഭരണം പിടിക്കാനായില്ല.

Self criticism within the Congress party working no successful btb
Author
First Published Nov 5, 2023, 8:20 AM IST

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ ജനവികാരം രാഷ്ട്രീയമായി മുതലെടുക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയുന്നില്ലെന്ന് കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനം. പ്രതിപക്ഷ നേതാവിന്‍റെ ഇടപെടലിനൊപ്പം പാര്‍ട്ടി സംവിധാനം എത്തുന്നില്ലെന്നാണ് ആത്മവിമര്‍ശനം. കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത കെപിസിസി ഭാരവാഹികളെ മാറ്റണമെന്നും പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിനെതിരെ തുടരെത്തുടരെ അഴിമതി ആരോപണങ്ങളുന്നയിച്ചിട്ടും രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷത്തിന് ഭരണം പിടിക്കാനായില്ല.

പാര്‍ട്ടിയും മുന്നണിയും ദുര്‍ബലമായത് തന്നെ പ്രധാന കാരണം. തലപ്പത്ത് മാറ്റം വന്നു. സഭയിലും പുറത്തും വി ഡി സതീശന്‍റെ പ്രതിപക്ഷം ശക്തമായ ഇടപെടല്‍ നടത്തിയിട്ടും ജനവികാരത്തിനൊപ്പം എത്തുന്നില്ലെന്നാണ് നേതാക്കള്‍ക്കിടയിലെ ആത്മവിമര്‍ശനം. കുറ്റം പാര്‍ട്ടിക്കും മുന്നണിക്കുമാണ്. കൊട്ടിഘോഷിച്ച പാര്‍ട്ടി പുനസംഘടനയ്ക്ക് എടുത്തത് രണ്ടര വര്‍ഷത്തോളം സമയമാണ്. എന്നിട്ടും പ്രശ്നങ്ങള്‍ ബാക്കിയാണ്. സംഘടനാ കാര്യങ്ങളില്‍ നിന്ന് വിട്ടുമാറി നിയമസഭയിലും പ്രതിപക്ഷ സമരങ്ങളിലും ഊന്നിയാണ് വി ഡി സതീശന്‍റെ പ്രവര്‍ത്തന ശൈലി.

സംഘടന പൂര്‍ണമായും കെപിസിസി പ്രസിഡന്‍റാണ് നയിക്കുന്നത്. എന്നാല്‍ കെ സുധാകരനാകട്ടെ പാര്‍ട്ടി ആസ്ഥാനത്ത് എത്തുന്നത് പോലും വിരളം. കെപിസിസി ഭാരവാഹികള്‍ വന്നു പോകുന്നത് യോഗ സമയങ്ങളില്‍ മാത്രം. കെപിസിസിയെ ചലിപ്പിക്കുന്നത് പ്രസി‍ഡന്‍റിന്‍റെ അറ്റാച്ചഡ് സെക്രട്ടറി കെ ജയന്തും സംഘടനാ സെക്രട്ടറി ടി യു രാധാക‍ൃഷ്ണനും ഭാരവാഹിപോലുമല്ലാത്തെ എം ലിജുവുമാണ്.

പ്രസി‍ഡന്‍റിന്‍റെ അഭാവത്തില്‍പ്പോലും വര്‍ക്കിങ് പ്രസിഡന്‍റുമാരോ വൈസ് പ്രസി‍ഡന്‍റുമാരോ കളത്തിലില്ല. 22 ജനറല്‍ സെക്രട്ടറിമാരുണ്ട്. പലര്‍ക്കും ചുമതലകള്‍ പോലുമില്ല. ഇങ്ങനെ പോയാല്‍ നേതൃമാറ്റം കൊണ്ടെന്ത് ഗുണമെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നിര്‍ജീവമായതും പ്രതിപക്ഷത്തിന്‍റെ മൂര്‍ച്ച കുറച്ചുവെന്നാണ് പാര്‍ട്ടിക്കുള്ളിൽ തന്നെ അഭിപ്രായം ഉയരുന്നത്. 

വിഷുവും തിരുവോണവും ഉൾപ്പെടെ ഞായറാഴ്ച; 2024ലെ 6 അവധികൾ ശനി, ഞായർ ദിവസങ്ങളില്‍, പൂർണ വിവരങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Follow Us:
Download App:
  • android
  • ios