2025- 2026 അധ്യയന വർഷത്തിൽ സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ലംഘിക്കപ്പെട്ടിട്ടുള്ളത്.

തിരുവനന്തപുരം: കൊല്ലം തേലവക്കര സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പരസ്പരം പഴിചാരി കെഎസ്ഇബിയും സ്കൂൾ മാനേജ്മെന്റും. എന്നാൽ 2025- 2026 അധ്യയന വർഷത്തിൽ സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇവിടെ ലംഘിക്കപ്പെട്ടിട്ടുള്ളത്. മാർഗ നിർദേശങ്ങളിൽ സ്കൂൾ സുരക്ഷ എന്ന തലക്കെട്ടിൽ ഒൻപതാമത് മാർഗ നിർദേശത്തിലാണ് സ്കൂളിനടുത്തുള്ള വൈദ്യുത ലൈനുമായി ബന്ധപ്പെട്ട പരാമർശമുള്ളത്.

സ്കൂളിലേക്കുള്ള വഴി, സ്കൂൾ പരിസരം, കോമ്പൗണ്ട് എന്നിവിടങ്ങളിൽ ഉള്ള വൈദ്യുത പോസ്റ്റ്, ഇലക്ട്രിക് ലൈൻ, സ്റ്റേവയർ, സുരക്ഷാ വേലികൾ ഇല്ലാതെയുള്ള ട്രാൻസ്ഫോമറുകൾ മുതലായവ അപകടകരമാം വിധം കാണുകയാണെങ്കിൽ ആയത് ബന്ധപ്പെട്ട കെ എസ് ഇ ബി അധികൃതരെ അറിയിക്കേണ്ടതും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ് എന്നും മാർഗ നിർദേശത്തിൽ പറയുന്നു.