ഒളിവിലുള്ള സിപിഐ മാവോയിസ്റ്റുകൾക്ക് ഭക്ഷണവും വസ്ത്രങ്ങളുമെത്തിക്കുന്നത് വിജിത്താണെന്നും മാവോയിസ്റ്റ് പ്രസിദ്ധീകരണ വിഭാഗത്തിൽ അംഗമാണ് വിജിത്തെന്നുമാണ് എൻഐഎ കണ്ടെത്തൽ.

കൊച്ചി: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ നാലാം പ്രതി വിജിത്ത് വിജയനെതിരെ ഗുരുതര ആരോപണവുമായി എൻഐഎ. കേസിൽ ഒളിവിൽ കഴിയുന്ന സി പി ഉസ്മാനും വൈത്തിരിയില്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജലീലുമൊത്ത് വിജിത്ത് മാവോയിസ്റ്റ് ഓപ്പറേഷനുകള്‍ക്ക് ഗുഢാലോചന നടത്തിയതായാണ് എന്‍ഐഎ കണ്ടെത്തൽ. ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റുകള്‍ക്ക് ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയ നല്‍കുന്നത് വിജിത്ത് ആണെന്നും എന്‍ഐഎ ആരോപിക്കുന്നു. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു

നാല് ദിവസത്തെ എന്‍ഐഎ കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് വിജിത്ത് വിജയനെ ഇന്ന് കൊച്ചിയിലെ എന്‍ഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. വിജിത്തിനെ ജാമ്യത്തില്‍ വിടരുതെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. നിരോധിക്കപ്പെട്ട സിപിഐ മാവോയിസ്റ്റ് സംഘടനയിലെ സുപ്രധാന കണ്ണിയാണ് വിജിത്ത് എന്ന് എന്‍ഐഎ പറയുന്നു. ഇത് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളടക്കം ലഭിച്ചിച്ചുണ്ട്. 

സംഘടനയിലെ ഉന്നത നേതാക്കളുമായി വിജിത്തിന് അടുത്ത ബന്ധമുണ്ടെന്നാണ് എൻഐഎ കണ്ടെത്തൽ. കേസിൽ ഒളിവിൽ കഴിയുന്ന സി പി ഉസ്മാനും വൈത്തിരിയില്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജലീലുമൊത്ത് വിജിത്ത് മാവോയിസ്റ്റ് ഓപ്പറേഷനുകള്‍ക്കായി ഗുഢാലോചന നടത്തി. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുത്തു. ഒളിവിലുള്ള സിപിഐ മാവോയിസ്റ്റുകൾക്ക് വിജിത് ഭക്ഷണവും വസ്ത്രങ്ങളും മരുന്നും എത്തിച്ചിട്ടുണ്ടെന്നും എൻഐഎ പറയുന്നു. 

മാവോയിസ്റ്റ് പ്രസിദ്ധീകരണ വിഭാഗത്തിൽ അംഗമായ വിജിത്തിന് മാവോയിസ്റ്റ് സാഹിത്യങ്ങള്‍ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്ന ചുമതലയുണ്ടെന്നും സംഘടനയിൽ വിജിത് അറിയപ്പെടുന്നത് പച്ച, ബാലു, മുസഫിർ, അജയ് എന്നീ പേരുകളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിജിതിന്‍റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണെന്നും എന്‍ഐഎ അറിയിച്ചു. വിജിതിനെ അടുത്ത മാസം 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 

ഈ മാസം 21നാണ് പന്തീരാങ്കാവ് യുഎപിഎ കേസിൽ വയനാട് സ്വദേശി വിജിത് വിജയനെ എൻഐഎ കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തത്. എന്‍ജിനീയറിംഗ് ബിരുദധാരിയും കല്‍പ്പറ്റ പുഴമുടി സ്വദേശിയുമാണ് വിജിത് വിജയൻ.