പോപ്പുലർ ഫ്രണ്ടിന്റെ നോട്ടീസുകളാണ് കണ്ടെത്തിയതെന്ന് പൊലീസ്...

പാലക്കാട്: പാലക്കാട്ടെ സമാന്തര ടെലഫോൺ എക്ചേഞ്ച് കേസിൽ നടത്തിയ പരിശോധയിൽ രണ്ട് നോട്ടീസുകൾ കണ്ടെത്തി. പോപ്പുലർ ഫ്രണ്ടിന്റെ നോട്ടീസുകളാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കുഴൽമന്ദം സ്വദേശി ഹുസൈൻ്റെ ഉടമസ്ഥതയിലുള്ള കീ‍ർത്തി എന്ന ആയുർവേദ ഫാർമസിയുടെ മറവിലാണ് എക്സേഞ്ച് പ്രവർത്തിച്ചതായി കണ്ടെത്തിയത്. ബംഗളൂരുവിലും കോഴിക്കോടും സമാന്തര ഏക്സ്ചേഞ്ച് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മേട്ടുപ്പാളയം എക്ചേഞ്ചിനെ കുറിച്ച് വിവരം ലഭിച്ചത്. 

അതേസമയം കേസില്‍ മലപ്പുറത്ത് ഒരാൾ കൂടി അറസ്റ്റിലായി. പ്രതി രണ്ട് കേന്ദ്രങ്ങളിലായി സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്കൾ പ്രവർത്തിപ്പിച്ചു. വീട്ടിലും സഹോദരിയുടെ വീട്ടിലുമായിരുന്നു പ്രവര്‍ത്തിക്കുന്ന രണ്ടും പ്രവര്‍ത്തിക്കാത്ത ഒന്നും സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയത്. 

ഇവിടെ നിന്ന് അനധികൃത സെർവർ പൊലീസ് കണ്ടെത്തി. പ്രതി നേരത്തെയും സമാനകേസിൽ മൈസുരുവില്‍ അറസ്റ്റിലായിരുന്നു. കേസന്വേഷണം സൈബര്‍ പൊലീസിന് കൈമാറിയെന്ന് എസ്പി എസ് സുജിത് ദാസ് പറഞ്ഞു. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കടക്കം ഉപയോഗിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും എസ് പി പറഞ്ഞു.

അതേസമയം പാലക്കാട് കണ്ടെത്തിയത് ഐഎസ് വിരുദ്ധ പോസ്റ്ററുകളാണെന്ന് ജില്ലാ മേധാവി ആർ വിശ്വനാഥ് പറഞ്ഞു. ഐ എസ് പോസ്റ്ററുകൾ കണ്ടെത്തിയെന്ന് പ്രചരിക്കുന്ന വാർത്ത തെറ്റാണ്. സമാന്തര എക്സ്ചേഞ്ച് കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. കോഴിക്കോട് കേസുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. ഒളിവിലുള്ള കോഴിക്കോട് സ്വദേശിക്കായി അന്വേഷണം നടത്തുന്നുവെന്നും ആർ വിശ്വനാഥ് പറഞ്ഞു. 

എന്നാൽ ഐഎസ് ലഘുലേഖയെന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് നോട്ടീസുകള്‍ അവതരിപ്പിച്ചതിനെതിരെ സംഘടന രംഗത്തെത്തി. ഈ വിഷയത്തില്‍ പോപ്പുലര്‍ഫ്രണ്ടിനെ വലിച്ചിഴക്കുന്നത് അബദ്ധമായി കരുതാനാകില്ല. വ്യാജ വാര്‍ത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പോപ്പുലര്‍ഫ്രണ്ട് ജില്ലാ സെക്രെട്ടറി സിദ്ദിഖ് തോട്ടിൻകര വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു