പാറശാലയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. കരുമാനൂർ വിട്ടിയോട് ശ്രീമംഗലത്തിൽ സിആർപിഎഫ് ജവാൻ രാജേഷിന്‍റെ വീട്ടിലായിരുന്നു കഴിഞ്ഞ ദിവസം മോഷണം നടന്നത്

തിരുവനന്തപുരം: പാറശാലയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. കരുമാനൂർ വിട്ടിയോട് ശ്രീമംഗലത്തിൽ സിആർപിഎഫ് ജവാൻ രാജേഷിന്‍റെ വീട്ടിലായിരുന്നു കഴിഞ്ഞ ദിവസം മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവൻ ആഭരണങ്ങളും, 40,000 രൂപയും ഉൾപ്പെടെ മോഷ്ടാവ് കവർന്നു. ബുധനാഴ്ച പുലർച്ചെയായിരുന്നു മോഷണം. രാജേഷും കുടുംബവും രണ്ടാമത്തെ നിലയിൽ ഉറങ്ങികിടക്കുമ്പോഴാണ് മോഷ്ടാവ് താഴത്തെ നിലയിലെ പുറകുവശത്തെ വാതിലിന്‍റെ കുറ്റി ഇളക്കിമാറ്റിയ ശേഷം അകത്തുകടന്നത്. താഴത്തെ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മാലയും വളയുമടങ്ങുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. രാവിലെയാണ് രാജേഷ് മോഷണവിവരം അറിഞ്ഞത്. തുടർന്ന് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷ്ടാവിന്‍റെ മുഖം മറച്ചുള്ള ദൃശ്യം ആണ് ലഭിച്ചത്. പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ പാറശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാറശാലയിലും പരിസരത്തും മോഷണം വ്യാപകമായിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞമാസം പാറശാല ഗവ. വി ആൻഡ് എച്ച്എസ് സ്‌കൂളിൽ കവർച്ച നടത്തിയ മോഷ്ടാവിനെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും നാട്ടുരകാർ കുറ്റപ്പെടുത്തുന്നു. ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പലിന്‍റെ ഓഫീസ് മുറി, കമ്പ്യൂട്ടർ ലാബ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പലിന്‍റെ ഓഫീസ് മുറി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കമ്പിപ്പാരയുമായെത്തിയ മോഷ്ടാവ് ഹയർസെക്കൻഡറി പ്രിൻസിപ്പലിന്‍റെ ഓഫീസ് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലാപ്ടോപ്, ഒരു ഡിജിറ്റൽ ക്യാമറ, കമ്പ്യൂട്ടർ ലാബിലുണ്ടായിരുന്ന 2 ലാപ്ടോപ്, ഒരു ഡിജിറ്റൽ ക്യാമറ, ഒരു വെബ് ക്യാമറ എന്നിവയുൾപ്പെടെ കവർന്നു. സിസിടിവിദൃശ്യങ്ങളിൽ പ്രതിയുടെ ചിത്രം ലഭിച്ചെങ്കിലും പിടികൂടാനായില്ല. കൂടാതെ, ധനുവച്ചപുരത്ത് ആരാധനാലയങ്ങളിലും വീടുകളിലും മോഷണം നടന്നിട്ടുണ്ട്.