തിരുവല്ലയിൽ നടന്ന സെമിനാറിൽ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ വകുപ്പിന്‍റെ 'വിഷൻ 2031' പദ്ധതികൾ അവതരിപ്പിച്ചു. പൊതുഗതാഗതം മെച്ചപ്പെടുത്തുക, ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് നടപ്പിലാക്കുക, റോഡപകട മരണനിരക്ക് കുറയ്ക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. 

തിരുവല്ല: വരും വർഷങ്ങളിൽ വിപ്ലവകരമായ പദ്ധതികളാണ് ഗതാഗത വകുപ്പ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ. തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്‍ററിൽ സംഘടിപ്പിച്ച ഗതാഗത വകുപ്പിന്‍റെ വികസന ലക്ഷ്യങ്ങൾ സംസ്ഥാനതല സെമിനാറിൽ വിഷൻ 2031 അവതരണം നടത്തുകയായിരുന്നു മന്ത്രി. 2031ൽ ഗതാഗത വകുപ്പിന്‍റെ പ്രവർത്തനം എങ്ങനെയാകണം എന്നതാണ് സെമിനാറിന്‍റെ ലക്ഷ്യം. വരുന്ന ഡിസംബറിൽ ആറുവരി ദേശീയ പാത പൂർത്തിയാകും. ഗതാഗത രംഗത്ത് വൻ മാറ്റം ഉണ്ടാകും.

2031ൽ ഗതാഗത വകുപ്പിൽ വൻ മാറ്റമുണ്ടാകും. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം സുരക്ഷിത യാത്രയും ഉറപ്പാക്കും. ഡ്രൈവിംഗ് പരീക്ഷ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്കെല്ലാം ടാബ് നൽകും. പരീക്ഷ കഴിഞ്ഞ് വിജയികളാകുന്നവർക്ക് അപ്പോൾ തന്നെ ഡിജിറ്റൽ ഡ്രൈവിംഗ് ലൈസൻസ് നൽകും. ഓഫീസിൽ ചെന്നുള്ള കാലതാമസം ഇതോടെ ഒഴിവാകും. സാമൂഹിക മാറ്റങ്ങൾ ഉൾകൊണ്ടാണ് വകുപ്പ് മുന്നോട്ട് പോകുന്നത്. 

റോഡപകടങ്ങളുടെ എണ്ണം വർധിച്ചെങ്കിലും മരണനിരക്ക് കുറഞ്ഞു 

റോഡപകടങ്ങളുടെ എണ്ണം വർധിച്ചെങ്കിലും മരണനിരക്ക് കുറഞ്ഞതായി മന്ത്രി വ്യക്തമാക്കി. റോഡപകടങ്ങളിൽ മരിക്കുന്നവരുടെ സംഖ്യ കഴിഞ്ഞ വർഷത്തേക്കാൾ 278 എണ്ണം കുറഞ്ഞു. എറണാകുളം വൈറ്റിലയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഒന്നര കോടി രൂപ അനുവദിച്ചിട്ടുണ്ട്. മാറ്റങ്ങളെ എതിർക്കുന്നതല്ല സർക്കാർ നയം. കാലത്തിന് അനുസരിച്ച് ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ചാകും ഗതാഗത രംഗത്തേയും വികസനം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശത്താലാണ് എയർ ഹോൺ അഴിച്ചു മാറ്റാൻ ഉത്തരവിട്ടതെന്നും ഇത് നടപ്പിലാക്കുക മാത്രമാണ് വകുപ്പ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. 

വകുപ്പിന്‍റെ കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ സ്പെഷ്യൽ സെക്രട്ടറി പി ബി നൂഹ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോർജ് എബ്രഹാം, ഗതാഗത കമ്മീഷണർ നാഗരാജു ചകിലം, ജല ഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ, കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്‍റ് ഫിനാൻസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ആനി ജൂലാ തോമസ്, തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ഡോ. പി എസ് പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.