ബോബിയുടെ മരണത്തിൽ നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്

കോഴിക്കോട്: കോഴിക്കോട് പശുക്കടവിൽ വീട്ടമ്മ വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച കേസിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. വൈദ്യുതിക്കെണി ഒരുക്കിയെന്ന് സംശയിക്കുന്ന പശുക്കടവ് സ്വദേശി ലിനീഷിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. ബോബിയുടെ മരണത്തിൽ നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

 കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ നിയമോപദേശം തേടിയതിന് ശേഷമായിരിക്കും ലിനീഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുന്ന നടപടിയിലേക്ക് കടക്കുക. പശുവിനെ മേയ്ക്കാനായി പോയ ബോബിയെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ഷോക്കേറ്റുമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വൈദ്യുതി കെണി സ്ഥാപിച്ചതിന്‍റെ തെളിവുകൾ പൊലീസ് സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. അതേസമയം, പൊലീസ് അന്വേഷണം വൈകുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നു. 

തെളിവുകൾ ചൂണ്ടിക്കാട്ടിയിട്ടും കുറ്റവാളികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് മരുതോങ്കര പഞ്ചായത്ത് പ്രസിഡന്‍റ് കെ സജിത്ത് ആരോപിച്ചു. പൊലീസ് നടപടി വൈകിയാൽ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നാണ് സിപിഎമ്മിന്‍റെ മുന്നറിയിപ്പ്. മൃതദേഹം കണ്ടെത്തിയ കൊക്കോ തോട്ടത്തിൽ മൃഗങ്ങളെ പിടികൂടാനായി വൈദ്യുതി കെണി ഒരുക്കിയതിന്‍റെ തെളിവുകൾ പൊലീസിന് കൈമാറിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്‍റെ ആക്ഷേപം. 

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബോബിയുടെ കുടുംബത്തിന് സർക്കാർ സഹായം നൽകണമെന്ന് സിപിഎം നേതാവ് കെപി ബൈജു ആവശ്യപ്പെട്ടു. അതേസമയം, സ്ഥലം ഉടമയായ ആലക്കൽ ജോസിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ടെന്നും തുടർ നടപടി വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.

YouTube video player