മാനേജർ റെജി, ജീവനക്കാരായ ബെന്നി, സിജോ എന്നിവരാണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. കേസെടുത്തത് മുതൽ ഇവർ ഒളിവിൽ ആയിരുന്നു.

പത്തനംതിട്ട: പത്തനംതിട്ട എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിലെ പീഡനത്തില്‍ മൂന്ന് പ്രതികളും പിടിയിൽ. മാനേജർ റെജി, ജീവനക്കാരായ ബെന്നി, സിജോ എന്നിവരാണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. കേസെടുത്തത് മുതൽ ഇവർ ഒളിവിൽ ആയിരുന്നു. എലോഹിം ആരാധനാലയത്തിന് കീഴിലുള്ള സ്നേഹ തണൽ വൃദ്ധസദനത്തിൽ വെച്ചായിരുന്നു 17 കാരൻ ഉൾപ്പെടെ മാർദ്ദനമേറ്റത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്റിന് കീഴിലുള്ള വൃദ്ധ സദനത്തിൽ നടന്ന ക്രൂരതയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കുട്ടികൾക്കൊപ്പം മുതിർന്നവരെയും മർദ്ദിക്കുമായിരുന്നുവെന്നും നല്ല ഭക്ഷണമോ മരുന്നോ നൽകാറില്ലെന്നും മുൻ ജീവനക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പീഡനം സംബന്ധിച്ച് ശക്തമായി തെളിവുകൾ ലഭിച്ചതോടെ ഗുരുതര വകുപ്പുകൾ ചുമത്താൻ പൊലീസ് തീരുമാനിച്ചു. വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാൻ സ്ഥാപന നടത്തിപ്പുകാരനായി പാസ്റ്റർ ബിനു വാഴമുട്ടം വാർത്ത സമ്മേളനം വിളിച്ചെങ്കിലും പിന്നീട് ഒഴിവാക്കി.

പത്തനംതിട്ട ഓമല്ലൂരിലുള്ള എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിന് കീഴിൽ ചെന്നീർക്കര പഞ്ചായത്തിലെ ഊന്നുകൽ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന വൃദ്ധ സദനത്തിലാണ് അന്തേവാസികളായ കുട്ടികൾക്കുൾപ്പെടെ ക്രൂര മർദ്ദനമേൽക്കേണ്ടി വന്നത്. മുറിക്കുള്ളിൽ പൂട്ടിയിട്ടാണ് കുട്ടികളെ ഉപദ്രവിക്കുന്നതെന്നും സംഭവം പുറത്ത് പറഞ്ഞാൽ കേസിൽ കുടുക്കുമെന്ന് നടത്തിപ്പുകാരനായ പാസ്റ്റർ ബിനു വാഴമുട്ടം ഭീഷണിപ്പെടുത്തിയതായി മുൻ ജീവനക്കാരി പറഞ്ഞു.

മ‍ർദ്ദനമേറ്റ അണക്കര സ്വദേശിയായ വിദ്യാർത്ഥിയുടെ പരാതിയിൽ കട്ടപ്പന പൊലീസ് കേസെടുത്തു. തുടർന്ന് ഇലവുംതിട്ട പൊലീസിന് അന്വേഷണം കൈമാറുകയായിരുന്നു. സ്ഥാപനത്തിൽ പൊലീസും ചൈൽഡ് വെൽഫെയ‍ർ കമ്മറ്റിയും പരിശോധന നടത്തി. കുട്ടികളെ മർദിക്കുന്നത് നേരിട്ട് കണ്ട അന്തേവാസികൾ സിഡബ്ല്യുസിക്ക് നൽകിയ മൊഴി പൊലീസിന് കൈമാറും. പ്രതികളായ ജീവനക്കാർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിന് ഇലവുംതിട്ട പൊലീസ് എഫ്ഐആറിൽ മാറ്റം വരുത്തും.

YouTube video player