കുട്ടനാട്: അതിരൂക്ഷമായ മടവീഴ്ചയിൽ വീടും വസ്തുവും ഉൾപ്പെടെ എല്ലാം തകർത്തെറിയപ്പെട്ട നിരവധി പേരുണ്ട് കുട്ടനാട്ടിൽ. വേദനയോടെ സ്വന്തം മണ്ണ് ഉപേക്ഷിച്ച് പോകുകയാണ് കുട്ടനാട്ടിലെ മിക്കവരും. മഹാപ്രളയത്തെ അതിജീവിച്ച കുട്ടനാടൻ ജനതയ്ക്ക് കനത്ത ആഘാതമാണ് മടവീഴ്ച മൂലം ഇത്തവണ ഉണ്ടായത്.

ഭാര്യയുടെ ചികിത്സയ്ക്കായി എടത്വയിലെ ബന്ധുവീട്ടിൽ നിൽക്കുമ്പോഴാണ് മടവീഴ്ചയിൽ വീട് തകർന്നെന്ന് കുട്ടനാട് സ്വദേശിയായ അജിമോൻ അറിയുന്നത്. ഒരു ദിവസത്തിനിപ്പുറം കൈനകരിയിൽ തിരികെയെത്തുമ്പോൾ വീടിന്‍റെ അടയാളം പോലുമില്ല. കർഷകനായ അജിമോന്‍റെ വർഷങ്ങളുടെ അധ്വാനമാണ് മടവീഴ്ചയിൽ ഒരുനിമിഷംകൊണ്ട് തകർന്നത്. വെള്ളം ഇറങ്ങിയാലും വീട് വച്ച് താമസിക്കാൻ പോലും ഭൂമി അനുയോജ്യമല്ലെന്ന് അജിമോൻ പറയുന്നു.

മടവീഴ്ചയിൽ ആറ് പങ്ക് പാടത്തേക്ക് വീടും വീട്ടുപകരണങ്ങളുമെല്ലാം കുത്തിയൊലിച്ചുപോയി. തിരികെ കിട്ടിയ ചില വീട്ടുസാധനങ്ങളുമായി കൈനകരി വിട്ട് ബന്ധുവീട്ടിലേക്ക് തിരികെ പോകുകയാണെന്ന് അജിമോൻ കൂട്ടിച്ചേർത്തു. വീടും സ്ഥലവും ഉൾപ്പടെ എല്ലാം നശിച്ചുപോയി. ‍ഞങ്ങളില്ലാത്തതിനാൽ ജീവൻ നഷ്ടമായില്ല, അല്ലായിരുന്നെങ്കിൽ ജീവനും നഷ്ടമായേനെയെന്ന് അജിമോന്റെ ഭാര്യ ജ്യോതി പറയുന്നു. മടവീഴ്ചയിൽ എല്ലാം നഷ്ടപ്പെട്ടവരായി അജിമോനെ പോലെ ഇനിയും നിരവധി പേരുണ്ട് കുട്ടനാട്ടിൽ.